ഇളയദളപതി ആരാധകരുടെ കഥ പറയാൻ ‘മൂൺട്ര് രസികർകൾ’ എത്തുന്നു
കേരളത്തിലും തമിഴകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ്. ഇത്തരത്തിൽ മൂന്ന് വിജയ് ആരാധകരുടെ ആവേശകരമായ കഥ പറയുന്ന ചിത്രമാണ് ‘മൂൺട്ര് രസികർകൾ’. ‘പ്ലസ് ടു’, ‘ബോബി’ എന്നി ചിത്രങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച ഷെബി ചൗഘട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അൽ താരീസിന്റെ ബാനറിൽ ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റോഷൻ ബഷീർ, ആൽവിൻ ജോൺ, പ്രേയാംസ് കുമാർ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങൾക്ക് പുറമെ ശ്രീനിവാസൻ,സ്വാതി, മീര, അരുൾ വാസൽ, ത ലൈവാസൽ വിജയ്, നിഴൽകൾ രവി, റിയാസ്ഖാൻ, പത്മരാജ് രതീഷ്, മിപ്പു സാമി, ക്രെയിൻ മനോഹർ തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് പത്തിന് തിയേറ്ററുകളിലെത്തും.
ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് തമിഴിന്റെ സൂപ്പർസ്റ്റാറായ വിജയിയെ കാണാനെത്തുന്ന മണി ആരാധകന്റെയും അവൻ കണ്ടുമുട്ടുന്ന മറ്റ് രണ്ട് സുഹൃത്തുക്കളുടെയുമാണ് ചിത്രം. താരത്തെ കാണുന്നതിനായി ഇവർ നടത്തുന്ന ശ്രമങ്ങളും ഇവർക്ക് താരത്തോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ചിത്രത്തിന്റെ അവസാന ഭാഗം ചിത്രീകരിച്ചിരിക്കുന്നത് വിജയിയുടെ ചെന്നൈയിലുള്ള വീട്ടിലാണ്.