അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തില്‍ മലയാളികള്‍ക്ക് ഇന്ന് പൊന്നോണം
‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നാണ് പഴമക്കാര്‍ പറയാറ്. പൂര്‍ണ്ണ അവകാശമുള്ള വസ്തുക്കള്‍ക്കാണ് പൊതുവെ കാണം എന്നു പറഞ്ഞിരുന്നത്. കേരളക്കരയിലൊന്നാകെ മഹാപ്രളയം താണ്ഡവമാടിയിട്ട് ദിനങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മലയാളികള്‍ക്ക് ഇനി വില്ക്കാന് കാണം ബാക്കിയില്ല. ഒരായുസ്സിന്റെ മുഴുവന്‍ സമ്പാദ്യങ്ങളും കണ്മുന്നിലൂടെ ഒലിച്ചിറങ്ങി പോകുന്നത് നിസ്സാഹയതയോടെ നേക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്. അത്രമേല്‍ പ്രളയം കേരളക്കരയെ കെടുതിയിലാഴ്ത്തിയിരുന്നു.
പണത്തിലുമുപരി സ്നേഹം ചേര്‍ത്ത് വെച്ച് പണിത വീടുപേക്ഷിച്ച് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണവും ചെറുതല്ല. അതിജീവനത്തിന്റെ നുറുങ്ങുവെട്ടങ്ങള്‍ തേടുന്നവരാണ് ഇവരൊക്കെയും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളില്‍ കഴിയുന്ന എട്ട് ലക്ഷത്തോളം ആളുകള്‍ മലയാളികള്‍ക്ക് കൂടെപ്പിറപ്പുകള് തന്നെയാണ്.
പ്രളയത്തിന് എല്ലാം നഷ്ടപ്പെടുത്താം; ഒരു ആയുസ്സിന്റെ വിയര്പ്പുകണങ്ങള്ക്കൊണ്ട് തീര്‍ത്ത സമ്പാദ്യത്തെ, സ്വപ്നങ്ങള്‍ ചേര്‍ത്തുവെച്ച് പണികഴിപ്പിച്ച വീടുകളെ, അങ്ങനെ പലതിനെയും… പക്ഷേ ഫണം വിടര്‍ത്തിവരുന്ന ഏത് മഹാപ്രളയത്തിനും തകര്‍ത്തെറിയാനാവാത്ത ഒന്നുണ്ട് മലയാളികള്‍ക്ക്. ഒത്തൊരുമ. ലോകമനസാക്ഷികള് കൈയടിച്ച; മലയാളികള്‍ക്ക് മാത്രമെന്ന് അവകാശപ്പെടാനാകുന്ന നന്മ.
ഈ ഓണക്കാലത്ത് ആഘോഷങ്ങളുടെ പകിട്ടിന് മാത്രം മങ്ങലേല്പിക്കാനേ പ്രളയത്തിന് കഴിഞ്ഞിട്ടുള്ളു. ആഘോഷങ്ങള്‍ക്കപ്പുറം വിശാലമാണ് മലയാളികള്‍ക്ക് തിരുവോണം. ഓണനാളില്‍ പാതാളത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തുന്ന മഹാബലി തമ്പുരാന് ഒന്ന് ഓര്‍ത്ത് അഭിമാനിക്കാം. ജാതിയും മതവും രാഷ്ട്രീയവുമെല്ലാം മറന്ന് അതിജീവനത്തിനുള്ള പോരാട്ടത്തില്‍ ഒറ്റക്കെട്ടായിരിക്കുകയാണ് കേരളം. നെഞ്ച് പിളര്‍ക്കുന്ന വേദനകളിലും ഒരിത്തിരി സ്നേഹവും കരുതലും സാഹോദര്യവും മതി മലയാളികള്‍ക്ക് നെഞ്ചോട് ചേര്‍ക്കാന്‍.
നഷ്ടങ്ങളറിയാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പൂക്കളമിടുന്ന ബാല്യങ്ങളുണ്ട്. അതിജീവനത്തിന് കൈ-മെയ്യ് മറന്ന് പ്രയത്നിക്കുന്ന കൗമാരങ്ങളും യുവത്വങ്ങളുമുണ്ട്. വേദനകളും ഇല്ലായ്മകളും മറന്ന് ഓണത്തിന് ചെറു സദ്യ ഒരുക്കുന്ന വാര്ധക്യങ്ങളുമുണ്ട്. ഇതാണ് കേരളത്തിന്റെ സമ്പന്നത. ഒരുപ്രളയത്തിനും പറിച്ചെറിയാന്‍ പറ്റാത്ത സമ്പത്ത്. ഓണവിപണി സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഇന്ന് മനസ്സറിഞ്ഞ് ഓണമുണ്ണാം; അന്യം നിന്നുപോകാത്ത നന്മകളെയോര്‍ത്ത്.
പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് അതിജീവനത്തിന്റെ നുറുങ്ങുവെട്ടങ്ങളായി മാറുകയാണ് ഓരോ മലയാളികളും ഇന്ന്. ഒരായിരം നുറുങ്ങുവെട്ടങ്ങള്‍ ചേര്‍ന്ന് കേരളം ഇനിയും പ്രകാശിക്കട്ടെ… വീണ്ടെടുപ്പിന്റെ നല്ല പ്രഭാതങ്ങള്‍ വിരിയട്ടെ… മാവേലി നാടുവാണിടും കാലം പോലെ കള്ളവും ചതിയുമില്ലാതെ എല്ലാവരും ഒന്നായിടട്ടെ.