മഴ കനക്കുന്നു; ഉരുൾപൊട്ടലും, വെള്ളപ്പൊക്കവും രൂക്ഷം; ട്രെയ്ൻ, വിമാന സർവീസുകൾ അനശ്ചിതത്വത്തിൽ

കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും രൂക്ഷമായതോടെ കാസർഗോഡുമുതൽ തിരുവനന്തപുരം വരെയുള്ള നിരവധി പ്രദേശങ്ങൾ ദുരിതത്തിലായി. മഴ ശക്തമായതോടെ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ജഗതി, ഗൗരീശപട്ടം,കരുമരം തുടങ്ങിയ കോളനികൾ തികച്ചും ഒറ്റപെട്ട അവസ്ഥയിലായി. ഇവിടങ്ങളിൽ അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതോടെ ഏകദേശം 18 ഓളം കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി എത്തിയവർക്ക് പോലും കനത്ത മഴയെത്തുടർന്ന് ആളുകൾ ഒറ്റപെട്ടു നിൽക്കുന്ന പ്രദേശങ്ങളിൽ എത്തപെടുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ്. തിരുവനന്തപുരം താലൂക്കിൽ മാത്രം ഏകദേശം ആറ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
പാലക്കാട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള പുഴകള്‍ കര കവിഞ്ഞു. 21 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.
മുല്ലപ്പെരിയാറും ചെറുതോണിഅണക്കെട്ടും തുറന്നതോടെ നെടുമ്പാശ്ശേരി വിമാനത്താവളം പൂർണ്ണമായും വെള്ളത്തിലായി. ഇതോടെ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകൾ നാല് ദിവസത്തേക്ക് നിര്‍ത്തിവച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിവരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. നെടുമ്പാശേരിയിൽ നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സർവീസ് നടത്തുക.
അതേസമയം മഴ കുറയാത്ത സാഹചര്യത്തിൽ ട്രെയിനുകളും വൈകിയോടുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിലെ പല പ്രദേശങ്ങളിലും ബസ് സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.