മഴ ശക്തം; നിരവധി പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, സുരക്ഷയൊരുക്കി സേന..

August 16, 2018

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളും ഒറ്റപ്പെട്ടു. ആലുവയിൽ വെള്ളം കുറയാത്ത സാഹചര്യത്തിൽ ആളുകളെ രക്ഷാപ്രവർത്തകർ മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിന്റെ അടിയിലാണ്. ആലുവ പെരുമ്പാവൂർ പ്രദേശങ്ങളിലേക്ക് വെള്ളം ഇനിയും ഉയരാനാണ് സാധ്യത. ജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കണ്ണൂര്‍ അമ്പായത്തോട് വനത്തില്‍ വന്‍ ഉരുള്‍പൊട്ടല്‍.മലയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. പുഴ ഗതിമാറി ഒഴുകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പുഴയോരത്തുള്ള ജനങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറണമന്ന് നിര്‍ദ്ദേശം നല്‍കി.ഒരു മലയുടെ ഒരുഭാഗം ഒന്നാകെ ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. മരങ്ങളും മണ്ണും പുഴയില്‍ പതിച്ചതിനാല്‍ ഒഴുക്ക് പൂര്‍ണ്ണമായും കുറച്ച് സമയത്തേക്ക് നിലച്ചു. ഇത് ജനങ്ങളില്‍ വലിയ ആശങ്കയുണര്‍ത്തി.

അതേസമയം ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമായി കോഴിക്കോട് നാല് പേര്‍ മരിച്ചു. മലയോര മേഖലയായ കൂടരഞ്ഞിയില്‍ മാത്രം 13 ഉരുള്‍പൊട്ടലുകളുണ്ടായി. നഗരത്തിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായാണ്. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍റില്‍ വെള്ളം കയറിയതോടെ സ്വകാര്യ ബസ് സര്‍വ്വീസുകളെ ബാധിച്ചു. കൂടരഞ്ഞി കല്‍പിനിയിലാണ് ആദ്യം ഉരുള്‍പൊട്ടിയത്. അടിവാരം ഈങ്ങാപ്പുഴയിൽ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടി. വീടുകളുടെ മുകളിലോട്ട് മണ്ണിടിഞ്ഞ് വീണു.


പാലക്കാട് ജില്ലയില്‍ പലയിടങ്ങളിലും വ്യാപക ഉരുള്‍പൊട്ടലുണ്ടായി. നെന്‍മാറ അലുവാശ്ശേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴ് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട്, മയിലാംപാടം എന്നിവിടങ്ങളിലും ഉരുള്‍പൊട്ടി. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ആനമുളി ചെക് പോസ്റ്റ് അടച്ചു. കരടിമലയില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായി. ജില്ലയിലെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്.