പ്രളയത്തിനും ഓണാവധിക്കും ശേഷം സ്കൂളിലേക്ക് പോകാനൊരുങ്ങി വിദ്യാർത്ഥികൾ
കേരളത്തെ ഞെട്ടിച്ച മഹാദുരന്തത്തിനും ഓണാവധിക്കും ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് തുറക്കുന്നത്. അതേസമയം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന മുന്നൂറിലേറെ സ്കൂളുകൾ ഇന്ന് ആരംഭിക്കില്ല. ആലപ്പുഴയിൽ കുട്ടനാട്, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പ്രൊഫഷണൽ കോളേജ് അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴമൂലം ഏറെ അധ്യായന ദിവസങ്ങള് ഇത്തവണ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അതിനാൽ വേഗം തന്നെ ക്ളാസുകൾ തുടങ്ങേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 31 നുള്ളിൽ അവരവരുടെ സ്കൂളുകളിൽ വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. എന്നാൽ ഇപ്പോൾ ലഭ്യമായ പുസ്തകങ്ങൾ നാളെ മുതൽ തന്നെ വിതരണം ചെയ്തു തുടങ്ങുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ളവ അടുത്ത ദിവസങ്ങളിൽ തന്നെ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിട്ടുണ്ട്.
അതേസമയം കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്നുണ്ടായ നാശനഷ്ടത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് അവരുടെ പുസ്തകങ്ങളും യൂണിഫോമുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടത്തിൽ നിരവധി ആളുകൾക്ക് വീടുകളും മറ്റും നശിച്ച സാഹചര്യത്തിൽ മിക്കവർക്കും സ്കൂളുകളും പൊതു സ്ഥാപനങ്ങളുമായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്നത്. ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകളിലെയും മറ്റും ശുചീകരണം ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കുന്നത്.