കതിർമണ്ഡപത്തിൽ നിന്നും രക്തം നൽകാൻ ആശുപത്രിയിലേക്ക്; മാതൃകയായി നവവരൻ

August 30, 2018

വിവാഹ ദിവസം തന്നെ ആശുപത്രിക്കിടക്കയിലെ രോഗിക്ക് സഹയാവുമായി വരൻ ഷിൽജു. കതിർ  മണ്ഡപത്തിൽ നിന്നും ഷിൽജു നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു… കോഴിക്കോട് മുക്കം കെ എം സി ടി ആശുപത്രിക്കിടക്കയിലെ  രോഗിക്ക് രക്തം ആവശ്യമാണെന്ന വാർത്ത വിവാഹ പന്തലിൽ വച്ചാണ് ഷിൽജു അറിഞ്ഞത്. ഉടൻ തന്നെ മിന്നു കെട്ടിയ ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും കാര്യം പറഞ്ഞ് താരം ആശുപത്രിയിലേക്ക് പോകുകയായിരുന്നു.

വിവാഹ ദിവസം തന്നെ വേണോ ഈ സാമൂഹ്യ പ്രവർത്തി  എന്ന് ചോദിച്ച പലരോടും വേണം എന്ന മറുപടി നൽകിയായിരുന്നു ഷിൽജു ആശുപത്രിയിലേക്ക് ഓടിയത്. വിവാഹ വേഷത്തിൽ ആശുപത്രിയിൽ എത്തിയ വരനെയും സുഹൃത്തുക്കളെയും കണ്ട് ആശുപത്രി ജീവനക്കാർ ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് നവവരന്റെ നല്ല മനസിനെ പ്രശംസിക്കുകയായിരുന്നു ആശുപത്രി ജീവനക്കാർ.

നവവരന്റെ ഈ സത്പ്രവർത്തി അറിഞ്ഞ് നിരവധി ആളുകളാണ് കല്യാണച്ചെക്കന് ആശംസകളുമായി എത്തിയത്. അതേസമയം ഭർത്താവിന്റെ ഈ പ്രവർത്തിയിൽ ഏറ്റവും സന്തോഷിക്കുന്നത് താനാണെന്ന് നവവധു രേഷ്മയും പറഞ്ഞു. മുക്കം കാരശ്ശേരി സ്വദേശിയായ ഇരുപത്തൊന്നുകാരിക്കാണ് ഷിൽജു രക്തം നൽകിയത്.  മഹാപ്രളയത്തിൽ വിഷമിച്ചിരിക്കുന്ന കേരള ജനതയ്ക്ക് ആശ്വാസമാകുകയാണ് മലയാളികളുടെ ഈ സഹജീവി സ്നേഹം..