ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള മടക്കയാത്രയുമായി രണ്ട് സുഹൃത്തുക്കൾ; ‘താനെ തിരിഞ്ഞും മറഞ്ഞും’…വീഡിയോ കാണാം
‘അമ്പലപ്രാവ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ‘താനേ തിരിഞ്ഞും മറഞ്ഞും’ എന്ന ഗാനം വീണ്ടും പുനർജനിക്കുന്നു. ഒരുകാലത്ത് മലയാളികളുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്ന ഗാനം ഇന്നും പ്രേക്ഷകർ കേൾക്കാൻ കൊതിക്കുന്ന പ്രണയ ഗാനങ്ങളിൽ ഒന്നാണ്. 1970 കളിൽ എസ് ജാനകിയുടെ ശബ്ദത്തിലൂടെ മലയാളികൾ ഒന്നടങ്കം ഏറ്റുപാടിയ ഗാനത്തിന്റെ പുനർ ആവിഷ്കാരം നിർവഹിക്കുന്നത് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ ഗായിക ജീനു നസീറാണ്. മലയാളികൾ എന്നും കേൾക്കാൻ കൊതിക്കുന്ന ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ചലച്ചിത്ര താരം സരയുവാണ്.
ഗൃഹാതുരമായ ഓർമ്മകളിലേക്കുള്ള ഒരു മടക്കയാത്ര കൂടിയായ ഈ കവർ സോങ് കേരളം അഭിമുഖീകരിച്ച പ്രളയത്തെ അതിജീവിക്കുന്ന മലയാളികൾക്ക് വേണ്ടിയാണ് പ്രിയ താരങ്ങൾ സമർപ്പിച്ചിരിക്കുന്നത്. കേരള ജനതയെ മുഴുവനായി ഞെട്ടിച്ച ഈ മഹാദുരന്തത്തിൽ നഷ്ടങ്ങളുടെ കഥകൾ മാത്രമേ മലയാളികൾക്ക് പറയാനുള്ളു..ഈ സാഹചര്യത്തിലാണ് എല്ലാം മറക്കാനും പുതിയൊരു കേരളം പുനർനിർമ്മിക്കുന്നതിനും ആവേശം പകരുന്ന രീതിയിൽ പുതിയ ഗാനവുമായി ജീനു എത്തിയത്. “ഒന്നിന്റെ അവസാനത്തിലാണ് മറ്റൊന്ന് തുടങ്ങുന്നത് അതുകൊണ്ട് തന്നെ ആ നശിച്ച പ്രളയ കാലം നമുക്ക് മറക്കാം. നഷ്ടമായതെല്ലാം നമുക്ക് തിരിച്ചുപിടിക്കണം ഇതൊരു പുതിയ ചുവടുവെപ്പാണ്”.. എന്ന അടിക്കുറുപ്പോടെയാണ് ജീനു ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
പി ഭാസ്ക്കരൻ മാഷുടെ വരികൾക്ക് ബാബുരാജ് സംഗീതം നൽകി എസ് ജാനകി ആലപിച്ച ആ പഴയ ഗാനം വീണ്ടും പുനർജനിക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളികൾ. “മറ്റുള്ളവർക്ക് ചെറുതെന്നു തോന്നുന്ന ഞങ്ങളുടെ വലിയ സന്തോഷങ്ങളാണ് ഇതൊക്കെ, പാടാനുള്ള കഴിവും പകർത്താനുള്ള മോഹവും കൂട്ടുചേർന്ന് ഇങ്ങനെ ഒരു ശ്രമം. ഒരു പെണ്ണിന്റെ വട്ട് മനസ്സിലാക്കുവാൻ മറ്റൊരു പെണ്ണിനെ കഴിയൂ, ജിനു നസീർ നീ വല്യ ആകാശങ്ങൾ കീഴടക്കാൻ പോകുന്നതേയുള്ളു..” വീഡിയോ പങ്കുവെച്ചുകൊണ്ട് സംവിധായക സരയൂ ഫേസ്ബുക്കിൽ കുറിച്ചു..
വർഷങ്ങളായുള്ള ഇരുവരുടെയും സൗഹൃദത്തിന് മുതൽകൂട്ടാകുന്ന ഈ കവർ വീഡിയോയ്ക്ക് പൂർണപിന്തുണയുമായി ജീനുവിന്റെ ഭർത്താവ് നസീറിന്റെ സാന്നിധ്യവും ഈ ഗാനത്തിന് മാറ്റുകൂട്ടി.