കേരളത്തിലെ ദുരിത ബാധിതർക്ക് കമ്പിളിപ്പുതപ്പുകൾ സമ്മാനിച്ച് ഒരു അന്യസംസ്ഥാനക്കാരൻ

August 11, 2018

കനത്ത മഴയും ഉരുൾപൊട്ടലും മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും രൂക്ഷമായതോടെ കേരളത്തിൽ ജനജീവിതം ആകെ ദുരിതത്തിലായിരിക്കുകയാണ്. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി നിരവധി ആളുകൾ എത്തുന്നുണ്ട്. എന്നാൽ തന്റെ ഉപജീവന മാർഗം മുഴുവൻ ദുരിതമനുഭവിക്കുന്നവർക്ക് സമ്മാനിച്ച വിഷ്ണു എന്ന മധ്യപ്രദേശുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ താരമായിരിക്കുന്നത്.

തന്റെ ഉപജീവന മാർഗമായ കമ്പിളി പുതപ്പ് വിൽക്കുന്നതിനായി കണ്ണൂരിലെ ഇരിട്ടിയിൽ എത്തിയതായിരുന്നു വിഷ്ണു. ഇരിട്ടി താലൂക്ക് ഓഫീസിൽ കമ്പിളി വിൽക്കാൻ കയറിയ വിഷ്ണുവിനോട് ആളുകളുടെ ദുരിതത്തെക്കുറിച്ച് അവിടുത്തെ ജീവനക്കാർ പറയുകയുണ്ടായി. ഇത് കേട്ട വിഷ്ണു താൻ വിൽക്കാൻ കൊണ്ടുവന്ന മുഴുവൻ കമ്പിളി പുതപ്പുകളും  അധികൃതരെ ഏൽപ്പിക്കുകയായിരുന്നു.  ഏകദേശം അമ്പതോളം കമ്പിളി പുതപ്പുകൾ ഇതിൽ ഉണ്ടായിരുന്നു. വിഷ്ണുവിന്റെ സുമനസ്സറിഞ്ഞെത്തിയ കണ്ണൂർ കളക്‌ടർ മീർ  മുഹമ്മദലി കമ്പിളി പുതപ്പുകൾ ഏറ്റുവാങ്ങി.

മാങ്ങോട് നിർമ്മല എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ആളുകൾക്കാണ് വിഷ്ണു തന്റെ കമ്പിളി പുതപ്പുകൾ സമ്മാനിച്ചത്. വിഷ്ണുവിന്റെ ഈ നല്ല മനസിന് ആശംസകളുമായി നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ  എത്തിയിരുന്നു.