‘അതിജീവനത്തിന്റെ കേരളം’; മഹാ ദുരന്തത്തെ ഒറ്റകെട്ടായി നേരിട്ട കേരളജനതയെ പ്രശംസിച്ച് ലോകം…

August 23, 2018

അസാധാരണമായ ഒരു ദുരന്ത മുഖത്തുനിന്ന് കേരളത്തെ കൈ പിടിച്ചുയർത്തുകയാണ് ലോകം ….കഴിഞ്ഞ കുറെ ദിവസങ്ങളായി മഴയും വെള്ളവും കേരളത്തിൽ സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയായിരുന്നു. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തെ തിരിച്ചുപിടിക്കുന്നതിനായി കേരള ജനത ഒറ്റക്കെട്ടായി നിന്നതിനെത്തുടർന്ന് കേരളം ആ വലിയ മഹാ ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുന്നു… കേരളത്തെ ഈ ദുരിതക്കയത്തിലും ചേർത്തുപിടിച്ച് ഇന്ത്യൻ സൈന്യവും, നാവികരും, മത്സ്യ തൊഴിലാളികളും നാട്ടുകാരും ഈ ദിവസങ്ങളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി രംഗത്തുണ്ടായിരുന്നു.

അതേസമയം വെള്ളം ഇറങ്ങിയതോടെ  കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ രംഗത്തെത്തിയത് നമ്മുടെ യുവസമൂഹമാണ്. ലോകം മുഴുവൻ മാതൃകയാക്കിയിരിക്കുകയാണ് നമ്മുടെ കേരള യുവസമൂഹത്തെ.. വീട് വൃത്തിയാക്കുന്ന ദൗത്യം പല സ്ഥലങ്ങളിലും പൂർണമായും ഏറ്റെടുത്തിരിക്കുന്നതും യുവാക്കളാണ്.കേരളം ദുരിതക്കയത്തിൽ അകപ്പെട്ടതുമുതൽ  ഏറെ ഊര്‍ജിതമായി ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇവിടെ പ്രവര്‍ത്തിച്ച യുവസമൂഹത്തെ പ്രകീര്‍ത്തിച്ച് നിരവധി പ്രമുഖര്‍ രംഗത്ത് എത്തിയിരുന്നു. ഒന്നല്ല… പത്തല്ല…നൂറല്ല.. ആയിരക്കണക്കിന് യുവാക്കളായിരുന്നു കേരള ജനതയെ കൈപിടിച്ച് ഉയർത്താൻ മുന്നോട്ട് വന്നത്.

കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതായും കളക്ഷന്‍ സെന്‍ററുകള്‍ തുറക്കുന്നതായുമുള്ള അറിയിപ്പ് ലഭിച്ചപ്പോള്‍ മുതല്‍ യുവസമൂഹം അങ്ങോട്ടേയ്ക്ക് ഓടിയെത്തുകയായിരുന്നു. നാടിന്‍റെ ദുരിതം മാറ്റാന്‍ രാവെന്നും പകലെന്നുമില്ലാതെ ഓടി നടക്കുന്ന യുവസമൂഹത്തെ ഏറെ അഭിമാനത്തോടെയാണ് ലോകം മുഴുവൻ നോക്കികാണുന്നത്.

മഹാ പ്രളയത്തിൽ അകപ്പെട്ട കേരളത്തെ സഹായിക്കാൻ സാമ്പത്തിക സഹായത്തിന്റെ രൂപത്തിലും അവശ്യ സാധനങ്ങളുടെ രൂപത്തിലും ലോകം മുഴുവനും മുന്നോട്ട് വന്നപ്പോഴും കേരളത്തിലെ ഈ മഹാദുരന്തത്തെ അതിജീവിച്ചത് കേരള ജനതയുടെ കൂട്ടായ പ്രവർത്തനമാണെന്നത് ലോകം മുഴുവൻ ഏറെ അത്ഭുതത്തോടെ നോക്കിക്കണ്ട ഒരു കാര്യമാണ്. കേരളത്തിലെ നാട്ടുകാരുടെ ഈ കൂട്ടായ്മയെ പ്രശംസിച്ച് സിനിമ, കായിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ മുന്നോട്ട് വന്നിരുന്നു.