‘സിനിമയല്ല ഇത് ജീവിതം’; പച്ചക്കറി വില്പനക്കാരിയായി സാമന്ത
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സാമന്ത അക്കിനേനി. നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരം ജീവിതത്തിലും സൂപ്പർ സ്റ്റാറായിരിക്കുകയാണ്. യഥാർത്ഥ ജീവിതത്തിൽ പച്ചക്കറി വിൽപ്പനക്കാരിയുടെ വേഷത്തിലാണ് സാമന്ത എത്തുന്നത്. ചെന്നൈയിലെ തിരുവള്ളിക്കേനി ക്ഷേത്രത്തിന് സമീപത്തെ ജാം ബസാർ മാർക്കറ്റിലാണ് താരം പച്ചക്കറി വിൽക്കാനായി എത്തിയത്.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത തമിഴ്നാട്ടിലെ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അത്യാവശ്യ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും ചികിത്സാസഹായം നല്കുന്നതിനുമായി സാമന്ത ആരംഭിച്ച ചാരിറ്റി സൊസൈറ്റി പ്രതായുഷ ഫൗണ്ടേഷന്റെ ഭാഗമായാണ് താരം പച്ചക്കറി വിൽപ്പനയുമായി രംഗത്തെത്തിയത്. ഈ ചാരിറ്റിയിലേക്ക് ആവശ്യമായ പണം കണ്ടെത്തുക എന്ന ലക്ഷ്യവുമായാണ് സാമന്ത എത്തുന്നത്.
2014 ൽ സാമന്ത ആരംഭിച്ച പ്രതായുഷ ഫൗണ്ടേഷന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, കുട്ടികൾക്കായുള്ള സൗജന്യ പ്രതിരോധ കുത്തിവെയ്പ്പ്, രക്തദാനം, തുടങ്ങി നിരവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രതായുഷ ഫൗണ്ടേഷനിലൂടെ നിരവധി ആളുകൾക്കാണ് ദിവസേന കാരുണ്യ പ്രവർത്തനങ്ങൾ ലഭിക്കുന്നത്. ഇന്നലെ രാവിലെ മാർക്കറ്റിൽ പച്ചക്കറി വിൽക്കാനെത്തിയ താരത്തെ കാണുന്നതിനായി നിരവധി ആളുകളാണ് മാർക്കറ്റിൽ തടിച്ചുകൂടിയത്. താരത്തിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി എത്തിയത്.