അഭിലാഷിന്റേത് കാറ്റിലുലയാത്ത പോരാട്ട വീര്യം

September 23, 2018

കുറച്ചു ദിവസങ്ങളായി കേരളക്കര ഒന്നാകെ അഭിലാഷ് ടോമി എന്ന പോരാട്ടക്കാരനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്റെ പായ് വഞ്ചി ഇന്ത്യന്‍ നാവികസേന വിഭാഗം കണ്ടെത്തിയെന്ന വാര്‍ത്ത ശുഭപ്രതീക്ഷ നല്‍കുന്നു.

വളരെ മോശം കാലാവസ്ഥ ആയിരുന്നിട്ടും മത്സരത്തില്‍ നിന്നും പിന്‍മാറാതെ അഭിലാഷ് മുന്നോട്ടു കുതിച്ചു. ആകെയുള്ള പതിനെട്ട് പായ് വഞ്ചികളില്‍ ഏഴോളം പേര്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയിരുന്നു. കഴിഞ്ഞ ജൂലൈ ഒന്നാം തീയതിയാണ് അഭിലാഷ് പായ്വ് വഞ്ചിയില്‍ തന്റെ യാത്ര ആരംഭിച്ചത്. 311 ദിവസം കൊണ്ട് പ്രയാണം പൂര്‍ത്തിയാക്കുകയെന്നതായിരുന്നു ലക്ഷ്യം. അപകടത്തില്‍ പെടുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു അഭിലാഷ് ടോമിയുടെ സ്ഥാനം.

കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് അഭിലാഷിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ദിശ മാറ്റാനുള്ള സാവകാശം ലഭിക്കുന്നതിനു മുന്നേ അഭിലാഷ് അപകടത്തില്‍പെട്ടു. ഈ മാസം 21-ാം തീയതി താന്‍ അപകടത്തില്‍പെട്ടതായി അഭിലാഷ് സന്ദേശമയച്ചിരുന്നു. തുടര്‍ന്ന് 22-ാം തീയതി താന്‍ സുരക്ഷിതനാണെന്നും അഭിലാഷ് അറിയിച്ചു.

നേരത്തെ 151 ദിവസം കൊണ്ട് പായ് വഞ്ചിയില്‍ ലോകം ചുറ്റി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് അഭിലാഷ്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ പായ് വഞ്ചിയിയിലായിരുന്നു അന്ന് അഭിലാഷിന്റെ യാത്ര. എന്നാല്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനുള്ള പായ് വഞ്ചിയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല.