ഡൊറോത്തിയുടെ ആ മാണിക്യക്കല്ലുകള്‍ പതിപ്പിച്ച ഷൂ തിരിച്ചെത്തി; പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം: വീഡിയോ

September 14, 2018

പ്രശസ്ത അമേരിക്കന്‍ സിനിമയായ ‘ദ വിസാര്‍ഡ് ഓഫ് ഓസ്’ എന്ന ചിത്രം അത്രപെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. എഴുത്തുകാരനായ എല്‍. ഫ്രാങ്ക് ബാമിന്റെ ‘ദ വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓഫ് ഓസ്’ എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മായാതെ പ്രേക്ഷകന്റെ ഉള്ളില്‍ തങ്ങിനില്‍ക്കുന്ന ഒന്നുണ്ട്. ചുവന്ന മാണിക്യക്കല്ലുകള്‍ പതിപ്പിച്ച ആ ഷൂ. 1939 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ഈ ഷൂ. ഡൊറോത്തി എന്ന കഥാപാത്രം ധരിച്ച ഈ ഷൂ കാഴ്ചയ്ക്ക് അതിമനോഹരമാണ്. അമേരിക്കന്‍ നടിയും ഗായികയുമായ ജൂഡി ഗാര്‍ലാന്‍ഡ് ആണ് ഡൊറോത്തി എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്.

സിനിമയിലൂടെ ഏറെ ശ്രദ്ധേയമായ ഈ ഷൂ മിനസോട്ടയിലെ ജൂഡി ഗാര്‍ലാഡ് മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വെച്ചു. എന്നാല്‍ 2005 ആഗസ്റ്റില്‍ ഷൂ മോഷ്ടിക്കപ്പെട്ടു. മ്യൂസിയത്തിന്റെ ചില്ലുവാതിലുകള്‍ തുറന്ന് ആരോ ഷൂ കവര്‍ന്നെടുക്കുകയായിരുന്നു. ദീര്‍ഘനാളത്തെ അന്വേഷണമാണ് പിന്നീട് നടന്നത്. എന്നാല്‍ മോഷ്ടാക്കളെ പിടികൂടാന്‍ സാധിച്ചില്ല. കാലങ്ങളായുള്ള അന്വേഷണത്തിലൊടുവിലും ഷൂ കണ്ടെത്താനാവത്തതിനെത്തുടര്‍ന്ന് അന്വേഷണസംഘം ഒരു ഉത്തരവിറക്കി.

ഡൊറോത്തിയുടെ ഷൂ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവര്‍ക്കു പത്ത് ലക്ഷം ഡോളര്‍ പ്രതിഫലം നല്‍കുമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ വാഗ്ദാനം. എങ്കിലും പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. ഒടുവില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ കഴിഞ്ഞയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ പതിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ഷൂ തിരിച്ചുകിട്ടിയ വിവരം അറിയിച്ചു. കാര്യമായ തകരാറുകള്‍ ഒന്നും സംഭവിക്കാത്ത ഈ ഷൂവിന്റെ ദൃശ്യങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.