ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ‘ഗുഹ’വീട് വില്‍പനയ്ക്ക്; ചിത്രങ്ങള്‍ കാണാം

September 9, 2018

മനോഹരമായ ഒരു വീട് സ്വപ്‌നം കാണാത്തവരായി ആരും ഉണ്ടാകില്ല. വീടുകളില്‍ വിത്യസ്തത ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. വീടുപ്രേമികള്‍ക്ക് ഒരു തകര്‍പ്പന്‍ വീട് സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം. ഈ വീട് നിസ്സാരമല്ല. ലോകത്തിലെതന്നെ ഏറ്റവും വിലപിടിപ്പുള്ള ഗുഹവീടാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 27.5 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം പത്തൊമ്പത് കോടി) വില.

യുഎസിലെ അര്‍കാന്‍സയിലാണ് ഗുഹയ്ക്കുള്ളിലെ ഈ വീട്. നിര്‍മ്മാണ ശൈലികൊണ്ടുതന്നെ ഈ വീട് കാഴ്ചക്കാരില്‍ കൗതുകം ജനിപ്പിക്കുന്നു. 6000 സ്‌ക്വയര്‍ ഫീറ്റുണ്ട് ഈ വീട്. നാല് ബെഡ്‌റൂമുകളുള്ള ഈ വീട് 257 ഏക്കറോളം വ്യാപിച്ചുകിടപ്പുണ്ട്. ശീതയുദ്ധക്കാലത്ത് ന്യൂക്ലിയര്‍ ബോംബ് ആക്രമണത്തില്‍ നിന്നും രക്ഷ നേടുക എന്ന ലക്ഷ്യത്തോടെ 1989 ല്‍ സെലസ്റ്റിയല്‍ ടീ സ്ഥാപകനായ ജോണ്‍ ഹേ ആണ് ഗുഹയ്ക്കുള്ളിലെ ഈ അപൂര്‍വ്വ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് 1987 ല്‍ ഈ വീട് റിച്ചാര്‍ഡ്‌സണ്‍ എന്നൊരാള്‍ക്ക് വിറ്റു.

ഏകദേശം അഞ്ച് അടിയോളം കട്ടിയുള്ള കോണ്‍ക്രീറ്റ് ചുമരുകളും ക്വാറയില്‍ നിന്നുമുള്ള കല്ലുകളുമുപയോഗിച്ചാണ് ഈ വീടിന്റെ നിര്‍മ്മാണം. ഓക്കുമരത്തടിയില്‍ നിര്‍മ്മിച്ച കിച്ചണ്‍പാനലും ലിവിങ് റൂമുമൊക്കെ കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. അതിമനോഹരമായ രീതിയിലാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന് സമീപത്തായി ഹെലിപാഡ് സൗകര്യവും ഉണ്ട്.

നിലവില്‍ ഹാന്‍സണ്‍ ഡൂലിറ്റില്‍ എന്നൊരാളാണ് ഈ വീട് നോക്കിനടത്തുന്നത്. വീടിനെ അത്യാധുനിക രീതിയുള്ള ഒരു ഹോട്ടല്‍ പോലെ ഇദ്ദേഹം മാറ്റിയെടുത്തിട്ടുണ്ട്.