ഒറ്റ ക്യാൻവാസിൽ ചരിത്രം സൃഷ്‌ടിച്ച്‌ കോഴിക്കോടുകാരൻ; തേടിയെത്തിയത് ലോക റെക്കോർഡ്

September 12, 2018

ഒറ്റ ക്യാൻവാസിൽ ചരിത്രം സൃഷ്ടിച്ച് ഒരു കോഴിക്കോടുകാരൻ. ഒരൊറ്റ ക്യാൻവാസിൽ ഈ ചിത്രകാരൻ നിർമ്മിച്ചത് ആയിരത്തി ഏഴ് പ്രതിഭകളെയാണ്. 37 മീറ്റർ നീളമുള്ള ക്യാൻവാസിലാണ് ലോകത്തിലെ നിരവധി പ്രമുഖരെ ഉൾപ്പെടുത്തി ആയിരത്തി ഏഴ് ചിത്രങ്ങൾ ദേവസ്യ ദേവഗിരി എന്ന കോഴിക്കോട് നിവാസി പെൻ ഡ്രോയിങിലൂടെ വരച്ചുചേർത്തത്. ഗാന്ധിജി, എബ്രഹാം ലിങ്കൺ, ഐ എം എസ് നമ്പൂതിരിപ്പാട് തുടങ്ങി കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തിലെയുമുൾപ്പെടെ നിരവധി പ്രമുഖരുടെ ചിത്രങ്ങളാണ്  ഈ ക്യാൻവാസിൽ വിരിഞ്ഞത്.

ക്യാൻവാസിൽ വിസ്മയം സൃഷ്ടിക്കുന്ന ഈ കലാകാരനെത്തേടി അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചടങ്ങിലാണ് ദേവസ്യയെത്തേടി ഈ റെക്കോർഡ് എത്തിയത്. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ ഖഫീൽ ഖാൻ ആണ് ദേവസ്യയ്ക്ക് ഈ  റെക്കോർഡ് നൽകിയത്.

ശില്പിയും റിട്ടയർ അധ്യാപകനുമായ ദേവസ്യ കഴിഞ്ഞ 40 വർഷമായി ചിത്രകലാ രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ്. 2500 ലേറെ ഓയില്‍ പെന്‍ഡിറ്റിംഗ് ഈ ചിത്രകാരൻ  ഇതിനോടകം ചെയ്തു കഴിഞ്ഞിട്ടുണ്ട്. ക്രിസ്ത്യന്‍ കോളേജിലെ ഗാന്ധി പ്രതിമ ഉള്‍പ്പടെ നിരവധി ശില്പങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ദേയനായ ഇദ്ദേഹം കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സില്‍ നിന്നും ചിത്രകലാ പഠനം പൂര്‍ത്തിയാക്കിയ വ്യക്തിയാണ്. ഡല്‍ഹി, കാശ്മീര്‍, കന്യകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയ ദേവസ്യ എന്ന കലാകാരൻ  ലോകത്തിലെ ഏറ്റവും നീളം കൂടിയ പെന്‍ഡ്രോയിങ് കൂടുതല്‍ മെച്ചപ്പെടുത്തി ഗിന്നസിലേക്ക് ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ്.