പ്രളയക്കെടുതി: ഓണം-ക്രിസ്മസ് പരിക്ഷകള്‍ക്ക് പകരം അര്‍ധവാര്‍ഷിക പരീക്ഷ

September 12, 2018

പ്രളയം ഉലച്ച കേരളത്തിലെ സ്‌കൂളുകളില്‍ ഓണം-ക്രിസ്മസ് പരീക്ഷകള്‍ ഒന്നിച്ചാക്കി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെതാണ് പുതിയ ഉത്തരവ്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഓണപ്പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഓണം-ക്രിസ്മസ് പരീക്ഷകള്‍ ഒന്നാക്കി നടത്തുന്ന അര്‍ധവാര്‍ഷിക പരീക്ഷ ഏതുമാസം നടത്തുമെന്ന കാര്യത്തില്‍ പിന്നീടായിരിക്കും തീരുമാനമെടുക്കുക.

അതേ സമയം സ്‌കൂളുകളിലെ കലാ, സാഹിത്യ, ശാസ്ത്ര മേളകള്‍ പണച്ചെലവും ആര്‍ഭാടവും ഇല്ലാതെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിജയികളെ കണ്ടെത്തുന്നതിനുള്ള നടപടിക്രമം എന്ന തലത്തില്‍ മാത്രമായിരിക്കും ഇത്തരം മേളകള്‍ നടത്തുക. ഇത് സംബന്ധിച്ച വിശദമായ തീരുമാനങ്ങള്‍ ഈ മാസം 17 നു ചേരുന്ന മാനുവല്‍ കമ്മറ്റി യോഗം സ്വീകരിക്കും.

നേരത്തെ നിശ്ചയിച്ചതു പ്രകാരം ആലപ്പുഴ ആയിരുന്നു സംസ്ഥാന കലോത്സവത്തിന്റെ വേദി. എന്നാല്‍ ആലപ്പുഴയെ പ്രളയം കാര്യമായി തന്നെ ബാധിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാന കലോത്സവം എവിടെവെച്ചു നടത്തും എന്ന കാര്യത്തിലും പിന്നീട് തീരുമാനമെടുക്കും. ചെലവു ചുരുക്കി നടത്താന്‍ യോജ്യമായ സ്ഥലമായിരിക്കും തിരഞ്ഞെടുക്കുക.