ആദ്യ വോട്ട് മോഡ്രിച്ചിന് മൂന്നാമത്തേത് റൊണാള്‍ഡോയ്ക്കും നല്‍കി മെസ്സി

September 26, 2018

ഫിഫ മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ വോട്ടെടുപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം നേടിയ ലൂക്ക മോഡ്രിച്ചിന് തന്നെയാണ് ലയണല്‍ മെസ്സി ആദ്യ വേട്ട് രേഖപ്പെടുത്തിയത്. മൂന്നു വോട്ടുകളാണ് ഒരാള്‍ക്കുള്ളത്. മികവിന്റെ അടിസ്ഥാനത്തില്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെയാണ് വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത്. രണ്ടാമത്തെ വോട്ട് എംബാപ്പെയ്ക്ക് നല്‍കിയ മെസ്സി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് തന്റെ മൂന്നാമത്തെ വോട്ടും നല്‍കി. അവസാന മൂന്നു പേരുടെ പട്ടികയില്‍ മോഡ്രിച്ചിനു പുറമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഹമ്മദ് സാലേയും ഉള്‍പ്പെട്ടിരുന്നു. ഇരുവരെയും പിന്തള്ളിയാണ് മോഡ്രിച്ച് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ലൂക്കാ മോഡ്രിച്ചിന് രണ്ടാമത്തെ വോട്ടാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്‍കിയത്. താരത്തിന്റെ ആദ്യ വോട്ട് റാഫേല്‍ വരാനെയ്ക്കും മൂന്നാമത്തെ വോട്ട് ആന്റോയ്ന്‍ ഗ്രീസ്മാനുമായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേദ്രി, പരിശീലകന്‍ കോണ്‍സ്റ്റന്റെന്‍, ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ ധിമന്‍ സര്‍ക്കാര്‍ എന്നിവരാണ് ഫിഫ അവാര്‍ഡിനായി വോട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഒരു വോട്ടു പോലും മെസിക്കോ റൊണാള്‍ഡോയ്‌ക്കോ ലഭിച്ചില്ല.

ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ മോഡ്രിച്ച് വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് കിരീടം നേടികൊടുക്കുന്നതിലും മോഡ്രിച്ച് മുഖ്യ പങ്ക് വഹിച്ചു. ഈ രണ്ട് മത്സരങ്ങളിലെയും പ്രകടനങ്ങള്‍ കണക്കിലെടുത്താണ് മികച്ച ഫുട്‌ബോള്‍ താരം എന്ന പുരസ്‌കാരം മോഡ്രിച്ചിനെ തേടിയെത്തിയത്. ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിയതും മോഡ്രിച്ച് തന്നെയായിരുന്നു. ഫിഫയുടെ അംഗരാജ്യങ്ങളില്‍ പെടുന്ന ടീമിലെ ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് മികച്ച ഫുട്‌ബോളറെ കണ്ടെത്തുന്നതിനുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കുക.

പത്ത് വര്‍ഷത്തോളമായി ക്രിസ്റ്റിയനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമായിരുന്നു ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ആരാധകരുടെ അഭിപ്രായത്തിലും മോഡ്രിച്ച് തന്നെയായിരുന്നു മികച്ചു നിന്നത്. ലയണല്‍ മെസ്സി ഇത്തവണ അവസാന മൂന്നുപേരുടെ പട്ടികയില്‍ എത്താതിരുന്നതും ആരാധകര്‍ക്കിടയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് അവസാന മൂന്നുപേരുടെ പട്ടികയില്‍ മെസി ഇടംപിടിക്കാതിരുന്നത്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഈജിപ്തിന്റെ മുഹമ്മദ് സാലേ കരസ്ഥമാക്കി. ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ആണ് മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്. ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോയ്‌സ് ആണ് മികച്ച ഗോള്‍ കീപ്പര്‍. ബ്രസീലിന്റെ മാര്‍ത്ത മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഫ്രഞ്ച് കപ്പ് ലിയോണിന്റെ റെയ്‌നാള്‍ഡ് പെഡ്രോസാണ് മികച്ച വനിതാ ടീം പരിശീലകന്‍. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനു യോഗ്യത നേടിയ പെറുവിന്റെ മത്സരം കാണാനെത്തിയവരാണ് മികച്ച ആരാധകരായി തിരഞ്ഞെടുക്കപ്പെട്ടത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!