ഓട്ടോയും സ്കൂട്ടറും അല്ല ഇതാണ് ജൂഡ് വാഹനം..
വയനാട്ടിലെ വൈത്തിരിയിലെ റോഡിലൂടെ കറങ്ങി നടക്കുന്ന ഒരു വാഹനം കണ്ടാൽ എല്ലാവരും അത്ഭുതത്തോടെ നോക്കും .. ഇത് ഓട്ടോറിക്ഷയാണോ ബൈക്കാണോ എന്ന് ? എന്നാൽ ഇതൊന്നുമല്ല സംഭവം.. ഇതാണ് ജൂഡ് വാഹനം. ജൂഡ് തദ്ദേവൂസ് എന്ന പതിനാറു വയസുകാരൻ നിർമ്മിച്ച വാഹനം. പഴയ സ്കൂട്ടറിന്റെ എഞ്ചിനും ഓട്ടോറിക്ഷയുടെ ടയറും ചേർത്താണ് ജൂഡ് ലോകത്തിന് മുഴുവൻ അത്ഭുതമായ ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിന് ചേർന്ന ജൂഡ് കൂടെയുള്ള കൂട്ടുകാരൊക്കെ ബൈക്കിലും മറ്റും കറങ്ങുന്നത് കണ്ടപ്പോൾ സ്വന്തമായി ഒരു വാഹനം നിർമ്മിക്കുന്നതിനെക്കുറിച്ചാണ് ചിന്തിച്ചത്. അതിന്റെ ഭാഗമായി വീട്ടിൽ കിടന്നിരുന്ന ഒരു പഴയ സ്കൂട്ടറിന്റെ എഞ്ചിനും ഓട്ടോറിക്ഷയുടെ ടയറും എടുത്ത് പണി തുടങ്ങുകയായിരുന്നു. സ്ക്വയർ പൈപ്പുകളും കോൺക്രീറ്റ് കമ്പിയും ഫ്ലെക്സുമൊക്കെ വെച്ച് പണി പൂർത്തിയാക്കിയ വാഹനം കാണാൻ നിരവധി ആളുകളാണ് ഇപ്പോൾ വൈത്തിരിയിലെ ജൂഡിന്റെ വീട്ടിൽ എത്തുന്നത്.
ഈ വാഹനത്തിൽ വളരെ എളുപ്പമായി യാത്ര ചെയ്യാൻ സാധിക്കുമെന്ന് പറയുന്ന ജൂഡിന്റെ വാഹനം നല്ല റോഡിൽ മാത്രമല്ല പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയൂം സുഗമമായി യാത്രചെയ്യുന്നതിന് സാധിക്കും. വാഹനം കണ്ടു പിടിക്കുന്നതിന് മുമ്പ് തന്നെ തറ വൃത്തിയാക്കുന്നതിനുള്ള ഒരു ഉപകരണവും ജൂഡ് നിർമ്മിച്ചിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള കണ്ടു പിടുത്തങ്ങൾ നടത്തുന്ന ജൂഡ് ഇന്ത്യക്ക് തന്നെ മുതൽക്കൂട്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ശാസ്ത്രലോകം.