കനിമൊഴിക്ക് ഇനി പാടത്ത് പണിയെടുക്കാതെ ഡോക്‌ടറാകാം; സഹായ ഹസ്തവുമായി ഉലകനായകൻ

September 13, 2018

മെഡിക്കൽ ഫീസുകൊടുക്കാനായി പാടത്ത് പണിയെടുക്കുന്ന കനിമൊഴിയുടെ വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്നിരുന്നു. തിരുവഞ്ചൂർ ധനലക്ഷമി മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിയായ കനിമൊഴി ഫീസ് കൊടുക്കുന്നതിനായി അച്ഛനൊപ്പം പാടത്ത് പണിയെടുക്കുന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങളിൽ വന്നിരുന്നു. ഇതുകണ്ട് കനിമൊഴിക്ക് സഹായ ഹസ്തവുമായി എത്തിയിരിക്കുകയാണ് ഉലകനായകൻ സാക്ഷാൽ കമലഹാസൻ.

കമലഹാസൻ തെന്റെ സഹോദരൻ ചന്ദ്രഹാസന്റെ പേരിലുള്ള ട്രസ്റ്റ് മുഖേനയാണ് കനിമൊഴിയുടെ വിദ്യാഭ്യാസ ചെലവുകൾ വഹിക്കാൻ എത്തിയിരിക്കുന്നത്. ”പെരളമ്പൂർ സ്വദേശിനിയായ കനിമൊഴി തന്റെ പഠനം പൂർത്തിയാക്കുന്നതിനായി കാഷ്വൽ ലേബർ ആയി ജോലി ചെയ്യാൻ പോകുന്നു എന്ന വാർത്ത കണ്ടിരുന്നു. സഹോദരൻ ചന്ദ്രഹാസന്റെ ട്രസ്റ്റ് വഴി കനിമൊഴിയുടെ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2019 ഫെബ്രുവരിയിൽ അവരുടെ മെഡിസിൻ പഠനം പൂത്തിയായി കഴിഞ്ഞാൽ പിന്നീടുള്ള ഉന്നത പഠനം സ്‌കിൽ ഡവലപ്മെന്റ് തുടങ്ങിയ ചിലവുകളും ട്രസ്റ്റ് വഹിക്കും.” എന്നും കമലഹാസൻ പറഞ്ഞു നിർത്തി.

വിദ്യാഭ്യാസത്തിൽ മികച്ച നിലവാരം പുലർത്തുന്ന കനിമൊഴി 2014 ൽ ഗവൺമെന്റ് കോട്ടയിൽ എം ബി ബി എസിന് അഡ്മിഷൻ നേടി. ഒരു വർഷം അഞ്ചു ലക്ഷം രൂപ ഫീസ് ഇനത്തിൽ അടയ്‌ക്കേണ്ട കനിമൊഴിക്ക് മൂന്ന് ലക്ഷം രുപ പിന്നോക്ക വിഭാഗക്കാർക്കുള്ള സ്‌കോളർഷിപ്പ് വിഭാഗത്തിൽ ലഭിക്കും. ബാക്കി തുകയ്ക്കായി കഷ്‌ടപ്പെടുന്ന അച്ഛനൊപ്പം ക്ലാസില്ലാത്ത ദിവസങ്ങളിൽ പാടത്ത് പണിയെടുക്കുന്ന കനിമൊഴിയെത്തേടിയാണ് ഇപ്പോൾ കമലഹാസൻ എത്തിയിരിക്കുന്നത്.