കയാക്കിങ് താരങ്ങൾക്ക് അത്ഭുത കാഴ്ചയായി ഈ പോര്; വീഡിയോ കാണാം

കടൽ കാഴ്ചകൾ എന്നും മനസിന് കുളിർമയേകുന്നതാണ്. കടലിന്റെ അടിത്തട്ടിലെ വിസ്മയ കാഴ്ചകൾ കാണാൻ വളരെ ഉത്സാഹത്തോടെ എത്തുന്ന നിരവധി ആളുകളെ നാം ഇപ്പോഴും കാണാറുണ്ട്. കടലിലൂടെയുള്ള പല യാത്രകളിലും മിക്കപ്പോഴും മികച്ച കാഴ്ചകൾ പലർക്കും നഷ്ടമാകാറുണ്ട്. എന്നാൽ കടലിൽ നിന്നുള്ള ഒരു വിസ്മയ കാഴ്ച കാണാൻ അവസരം ലഭിച്ച കയാക്കിങ് താരങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കായാക്കിങ്ങിന്റെ ഭാഗമായി കടലിൽ എത്തിയ താരങ്ങൾക്ക് ലഭിച്ച ഈ സുവർണ്ണാവസരത്തിന്റെ വീഡിയോ താരങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചതും. കയാക്കിങ് നടത്തിക്കൊണ്ടിരുന്ന സ്ഥലത്ത് എത്തിയ നീരാളിയുടെയും നീർനായയുടെയും പൊരിഞ്ഞ പോരിന്റെ വീഡിയോയായാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കടലിലെ സംഘട്ടനത്തിനിടയിൽ കയാക്കിങ് താരത്തിന് ചെറിയ പരിക്കേൽക്കുകയും ചെയ്തു. കടലിൽ നിന്നും നീരാളിയെ നീർനായ കറക്കി വലിച്ചെറിയുന്നതിനിടയിലാണ് കായാക്കിങ്ങ് നടത്തിക്കൊണ്ടിരുന്നവരിൽ ഒരാളുടെ മുഖത്ത് നീരാളിയുടെ ഒരു ഭാഗം കൊണ്ടത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
കടലിൽ കയാക്കിങ് നടത്തുന്നതിനിടയിൽ കാണാൻ സാധിച്ച ഈ അസുലഭ നിമിഷത്തിന്റെ സന്തോഷം പങ്കിടാനും കയാക്കിങ് താരങ്ങൾ മറന്നില്ല. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോ നിരവധി ആളുകളാണ് ഇതിനോടകം കണ്ടിരിക്കുന്നത്.