ക്രിക്കറ്റ് ടീമിന്റെ പടനായകൻ സച്ചിൻ തന്നെ….

September 2, 2018

പുതിയ സീസണിലും കേരള ക്രിക്കറ്റ് ടീമിനെ നയിക്കാൻ സച്ചിൻ ബേബി എത്തും. നിരവധി ആശങ്കകൾക്കും ചർച്ചകൾക്കും ശേഷമാണ് കേരള ടീമിനെ നയിക്കാൻ സച്ചിൻ തന്നെ എത്തുമെന്നുള്ള വാർത്ത പുറത്തുവരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് കേരളത്തിന്റെ പടനായകനായി സച്ചിൻ മതിയെന്ന അന്തിമ തീരുമാനം അറിയിച്ചത്.

കേരളം കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തിയതും അതിനു മുൻപ് ദേശീയ ട്വന്റി 20യിൽ സെമിയിലും ഏകദിനത്തിൽ ക്വാർട്ടറിലും ഇടം നേടിയതും സച്ചിന്റെ നേതൃത്വത്തിലായിരുന്നു. ഇതൊക്കെ കണക്കിലെടുത്തതാണ് പുതിയ സീസണിലും ടീമിനെ നയിക്കാൻ സച്ചിൻ എത്തുന്നത്.

പുതിയ  സീസണു തുടക്കം കുറിച്ച് ഈ മാസം 19ന് ആരംഭിക്കുന്ന വിജയ് ഹസാരെ ഏകദിന ടൂർണമെന്റിനുള്ള ടീമിനെ ഇന്നു പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. പി രാഹുൽ ഉൾപ്പെടെയുള്ള പുതിയ കളിക്കാർക്ക് ഏകദിന ടൂർണമെന്റിൽ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ശ്രീലങ്കയിൽ പരിശീലന പര്യടനത്തിൽ തിളങ്ങിയ താരമാണ് പി രാഹുൽ. കഴിഞ്ഞ തവണ ടീമിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന താരങ്ങളായ ജലജ് സക്സേന, അരുൺ കാർത്തിക് എന്നിവർ ഇത്തവണയും കേരളത്തിനുവേണ്ടി ജേഴ്‌സി അണിയും.