പ്രളയക്കെടുതി: ഒരു വര്‍ഷത്തേക്ക് ചലച്ചിത്ര മേളയും കലോത്സവവും ഇല്ല

പ്രളയം ഉലച്ച കേരളത്തില്‍ ഈ വര്‍ഷം ആഘോഷ പരിപാടികളൊന്നും ഉണ്ടാകില്ല. കേരളത്തിന് കനത്ത ആഘാതം സൃഷ്ടിച്ച പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ചതാണ് ഈ സുപ്രധാന തീരുമാനം. ഇതുപ്രകാരം സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്താനിരുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്. സ്കൂള്‍ കലോത്സവവും ഫിലിംഫെസ്റ്റിവലുമടക്കം വിനോദ സഞ്ചാര വകുപ്പിന്റേതുള്‍പ്പെടെയുള്ള ആഘോഷപരിപാടികളാണ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിയിരിക്കുന്നത്.
ഇത്തരം ആഘോഷപരിപാടികള്‍ക്കായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുവാന് വകുപ്പ് മേധാവികള്‍ക്ക് കൃത്യമായ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച പുതിയ ഉത്തരവ് പുറത്തുവിട്ടത്.
നേരത്തെ നിശ്ചയിച്ചതുപ്രകാരം ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവും നടക്കേണ്ടിയിരുന്നത്. പ്രളയക്കെടുതി രൂക്ഷമായ ഇടങ്ങളിലെന്നാണ് ആലപ്പുഴ. ഡിസംബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെയായിരുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം പ്രഖ്യാപിച്ചിരുന്നത്. പ്രളയക്കെടുതിയുടെ ഭാഗമായി മിക്ക ഇടങ്ങളിലും ഓണാഘോഷവും നേരത്തെ വേണ്ടെന്നുവെച്ചിരുന്നു.