സൂപ്പർ സ്റ്റാറായി വീണ്ടും കെഎസ്ആർടിസി; യാത്രക്കാരിയുടെ ജീവൻ രക്ഷിച്ച് ബസ് ജീവനക്കാർ..

മനുഷ്യത്വപരമായ നിലപാടെടുത്ത് വീണ്ടും കൈയ്യടി നേടി ജനഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് കേരളത്തിന്റ സ്വന്തം ആനവണ്ടി. അര്‍ധരാത്രി വഴിയോരത്ത് ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് തുണയായി കെ എസ് ആർ ടി സി മാറിയതും, പുലർച്ചെ വിജനമായ വഴിയില്‍ ഇറങ്ങിയ ഇരിങ്ങാലക്കുട സ്വദേശി വീട്ടമ്മയ്ക്ക് തുണയായതുമൊക്കെ സോഷ്യൽ മീഡിയയിൽ വളരെ ഏറെ ചർച്ചയായിരുന്നു. എന്നാൽ വീണ്ടും സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് കേരളത്തിന്റെ പ്രിയപ്പെട്ട ആനവണ്ടി.
ഇത്തവണ ആനവണ്ടി ആംബുലൻസ് ആയിമാറിയാണ് താരമായത്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും കുഴഞ്ഞുവീണ യാത്രക്കാരിയെയും കൊണ്ട് അതിവേഗം ആശുപത്രിയിലേക്ക് പാഞ്ഞെത്തിയ കെ എസ് ആർ ടി സി ബസിനും അതിലെ ജീവനക്കാരായ ഡ്രൈവർ പി ആർ സുനിൽ കുമാറിനും കണ്ടക്ടർ കെ മായയ്ക്കും ആശംസകളുമായി നിരവധി ആളുകളാണ് ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിയത്. ഇരുവരുടെയും സമയോചിതമായ ഇടപെടലിനെ എല്ലാവരും മാതൃകയാക്കേണ്ടതാണ്.
ഫാസ്റ്റ് പാസഞ്ചർ ബസിൽ കുഴഞ്ഞു വീണ മങ്കൊമ്പ് സ്വദേശിനി രത്നമ്മയെയും കൊണ്ടാണ് ബസ് അടുത്തുള്ള ആശുപത്രിയിലേക്ക് പോയത്. മങ്കൊമ്പ് ബസ് സ്റ്റോപ്പിൽ നിന്നാണ് രത്നമ്മ കോട്ടയം ആലപ്പുഴ റൂട്ടിൽ ഓടുന്ന എടിഎ 268 നമ്പർ ബസിൽ കയറിയത്. ബസിൽ കയറിയതു മുതൽ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്ന സ്ത്രീ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ബസ് ഇവരെയും കൊണ്ട് അടുത്തുള്ള ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ബസ് ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ രത്നമ്മയെ എടുത്ത് ആശുപത്രിയിൽ എത്തിച്ചത് ഡ്രൈവർ പി ആർ സുനിൽ കുമാറും യാത്രക്കാരും ചേർന്നാണ്.