5000 അഭിനേതാക്കളുമായി ലൂസിഫറിലെ ബ്രഹ്മാണ്ഡ സീന്‍; വീഡിയോ കാണാം

September 20, 2018

മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’.  സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രണ്ട് മുന്‍നിര താരങ്ങളുടെ ഈ കൂട്ടുസംരംഭത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നതും. ലൂസിഫറിലെ ലൊക്കേഷന്‍ ചിത്രങ്ങളും വീഡിയോകളുമൊക്കെ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലൂസിഫറിലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ലൂസ്ഫര്‍ എന്ന ചിത്രത്തിലെ ഏറ്റവും ബ്രഹ്മാണ്ഡമായ സീനാണ് ചിത്രീകരിച്ചത്. പതിനഞ്ച് ദിവസമായി ഈ സീനിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അയ്യായിരത്തോളം ആര്‍ടിസ്റ്റുകളും നൂറുകണക്കിലധികം വാഹനങ്ങളും ഈ ബ്രഹ്മാണ്ഡ സീനിന്റെ ചിത്രീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക.

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നതോടെ വെള്ളിത്തിരയില്‍ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.