നീന്തല്‍ക്കുളത്തിലെ മലയാളിത്തിളക്കം; അഞ്ച് സ്വര്‍ണ്ണത്തോടെ സാജന്‍ പ്രകാശ്

September 24, 2018

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണ്ണ നേട്ടത്തോടെ മലയാളി താരം സാജന്‍ പ്രകാശ്. ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പുരുഷ താരമായും സാജന്‍ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 200 മീറ്റര്‍ മെഡ്‌ലെ, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നീ ഇനങ്ങളിലാണ് സാജന്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. രണ്ടിനങ്ങളില്‍ പുതിയ റെക്കോര്‍ഡും സാജന്‍ സൃഷ്ടിച്ചു. 100, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനങ്ങളില്‍ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തന്നെയാണ് സാജന്‍ പ്രകാശ് തിരുത്തിയത്. 100 മീറ്ററില്‍ നേരത്തെ ഉണ്ടായിരുന്ന 53.83 സെക്കന്‍ഡ് 53.46 സെക്കന്‍ഡായി സാജന്‍ പുതുക്കി.

ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സലോനി ദലാല്‍ ആണ് മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണ്ണം സലോനി കരസ്ഥമാക്കിയിരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നേടിയത് കര്‍ണ്ണാടകയാണ്. 227 ആണ് കര്‍ണ്ണാടകയുടെ പോയിന്റ്. 202 പോയിന്റുകളോടെ ദേശീയ നീന്തല്‍ ഫെഡറേഷന്‍ രണ്ടാം സ്ഥാനത്തുണ്ട്. 140 പോയിന്റുകളുമായി റെയില്‍വേയാണ് മൂന്നാം സ്ഥാനത്ത്. 55 പോയിന്റുകള്‍ നേടയ കേരളം ഏഴാം സ്ഥാനത്താണ്.

വനിതകളുടെ വാട്ടര്‍ പോളോയില്‍ കേരളം ചാമ്പ്യന്‍മാരായി. ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ്ണവും ഒരു വെങ്കലവുമാണ് കേരളം ആകെ നേടിയത്.