മകളുടെ ഈണത്തിന് അച്ഛന് പാടി; മനോഹരം ഈ ‘ഗുരു’ വന്ദനം

മലയാളികള്‍ക്കെന്നും പ്രീയങ്കരനാണ് പി. ജയചന്ദ്രന് എന്ന ഗായകന്. ജയചന്ദ്രന്റെ മകള്‍ ലക്ഷമിയും സംഗീത സംവിധാന രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. മകള്‍ നല്കിയ ഈണത്തില്‍ അച്ഛന് പാടിയ ഗാനത്തിന്റെ പേര് ‘ഗുരു’. പി. ജയചന്ദ്രന്റെ ഗുരുക്കന്മാര്ക്ക് ആദരവായാണ് സംഗീത ആല്‍ബം പുറത്തിറക്കിയതെങ്കിലും ഈ അധ്യാപകദിനത്തില്‍ എല്ലാ ഗുരുക്കന്മാര്ക്കുമുള്ള ഒരു സ്നേഹാദരവ് കൂടിയാണ് ഈ ഗാനം. മികച്ച പിന്തുണയാണ് ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മകളുടെ ഈണവും അച്ഛന്റെ സ്വരവും മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു.
പി. ജയചന്ദ്രന് ഒരുപാട് ഗുരുക്കന്മാര് ഉണ്ടായിട്ടുണ്ട്. ജീവിതത്തിലെ വലിയ ഭാഗ്യം തന്നെയാണ് അത്. അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതും വളര്‍ച്ചയില്‍ കൂടെനിന്നതും ഗുരുക്കന്മാര് തന്നെ. അച്ഛന് പി. ജയചന്ദ്രന്റെ ഗുരുക്കന്മാര് തന്നെയാണ് തന്റെയും ഗുരുക്കന്മാര് എന്നാണ് മകള്‍ ലക്ഷ്മിയുടെ വിലയിരുത്തല്‍. പവിത്രമായ ഗുരുശിക്ഷ്യബന്ധമാണ് ഗുരു എന്ന ആല്‍ബത്തിലെ പ്രമേയവും. അധ്യാപകര്‍ക്കുള്ള ആദരം എന്ന ആശയത്തില്‍ നിന്നുമാണ് ഗുരു എന്ന ആല്‍ബം പിറവിയെടുക്കുന്നത്. ഗാനത്തിന്റെ ഓരോ വരികളിലും ഗുരു ശിക്ഷ്യ ബന്ധത്തിന്റെ ആഴം പ്രതിഫലിക്കുന്നുണ്ട്. ഹരിയാണ് വരികള്‍ എഴുതിയത്. വരികള്‍കൊണ്ടും പ്രമേയം കൊണ്ടും ഈണം കൊണ്ടും ആലാപന മികവുകൊണ്ടുമെല്ലാം ഈ ഗാനം മികച്ചു നില്ക്കുന്നു.
മലയാളത്തിലെ ഭാവഗായകന് എന്നാണ് പി. ജയചന്ദ്രന് അറിയപ്പെടുന്നത്. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് ‘കളിത്തോഴന്‍’ എന്ന ചിത്രതിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനു മാസ ചന്ദ്രിക വന്നു…’ എന്നു തുടങ്ങുന്ന ഗാനമാണ്. ഇന്നും മലയാളികളുടെ ഹൃദയങ്ങളില്‍ മായാതെ നില്പുണ്ട് ഈ ഗാനം.