പ്രണയത്തിന് ചാരുത പകരാന്‍ പയ്യന്നൂര്‍ കോളേജിലെ ആ വരാന്ത ഇനിയില്ല; വരാന്തയ്ക്ക് ആദരാഞ്ജലി അറിയിച്ച് നടന്‍

September 3, 2018

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിന്‍ മറയത്ത്’ എന്ന ചിത്രം കണ്ടിറങ്ങിയവരുടെ മനസില്‍ പയ്യന്നൂര്‍ കോളേജിലെ ആ വരാന്തയ്‌ക്കെന്നും ഒരു സ്ഥാനമുണ്ടായിരുന്നു. ‘പയ്യന്നൂര്‍ കോളേജിന്റെ വരാന്തയിലൂടെ ആയിഷയോടൊപ്പം ഞാന്‍ നടന്നു. വടക്കന്‍ കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം പാതിരാക്കാറ്റുണ്ട്. അത് അവളുടെ തട്ടത്തിലും മുടിയിലും തട്ടിത്തടഞ്ഞു പോകുന്നുണ്ടായിരുന്നു’ പ്രണായര്‍ദ്രതയോടെ നിവിന്‍ പോളി പറയുന്ന ഈ ഡയലോഗും മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാനാവില്ല. മഹത്തരമായ ഒരു കഥാപാത്രം എന്നതുപോലെ ആ വരാന്ത പ്രേക്ഷക ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ പയ്യന്നൂര്‍ കോളേജിലെ ആ വരാന്ത ശ്രദ്ധേയമായി.

കമിതാക്കള്‍ക്കിടയിലെ പ്രണയത്തിന്റെ തീവ്രത ദൃശ്യഭംഗിയോടെ വരച്ചുകാട്ടാന്‍ പയ്യന്നൂര്‍ കോളേജിലെ വരാന്തയ്ക്ക് സാധിച്ചു. കോളേജ് നവീകരണത്തിന്റെ ഭാഗായി കേളേജ് വരാന്ത പൊളിച്ചുനീക്കുമ്പോള്‍ ഹൃദയത്തില്‍ തൊടുംവിധം ആദരാഞ്ജലി അറിയിച്ചിരിക്കുകയാണ് സിനിമാ താരം സുബീഷി സുധി. നിങ്ങള്‍ പൊളിക്കുന്നത് കുറേപ്പേരുടെ ഓര്‍മ്മകള്‍ കൂടിയാണ് എന്നു പറഞ്ഞുകൊണ്ടാണ് സുബീഷ് സുധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു കോളേജ് വരാന്തയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് ആ വരാന്തയോട് അത്രയേറെ അടുപ്പം ഉള്ളതുകൊണ്ടു തന്നെയാണ്. സുബീഷ് പഠിച്ചതും പയ്യന്നൂര്‍ കോളേജിലായിരുന്നു.

സുബീഷ് സുധിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിങ്ങള്‍ പൊളിക്കുന്നത് നമ്മുടെ കുറെ പേരുടെ ഓര്‍മ്മകളെ ആണ്. ഇനി എന്ത് കാണാന്‍ ആണ് പയ്യന്നുര്‍ കോളേജിലേക്ക് വരേണ്ടത്.ഈ വരാന്ത വിനീത് ശ്രീനിവാസന് കാണിച്ചു കൊടുക്കാന്‍ പറ്റി എന്ന സന്തോഷം .പിന്നെ നമ്മുടെ പുതിയ തലമുറക്കു നന്നായി പഠിക്കാന്‍ ആണ് പുതിയ കെട്ടിടങ്ങള്‍ വരുന്നത് എന്ന് ആശ്വസികാം ആദരാഞ്ജലികള്‍ പയ്യന്നുര്‍ കോളേജ് വരാന്ത