ഒരു റിയൽ ലൈഫ് ‘വാരണം ആയിരം’; ഒരു നോക്ക് കണ്ട പ്രണയിനിയെത്തേടി യുവാവ്…

September 4, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർ താരം സൂര്യയുടെ എക്കാലത്തെയും മികച്ച ചിത്രമാണ് ‘വാരണം ആയിരം’. ഒരിക്കൽ ട്രെയിനിൽ വച്ച് കണ്ട പെൺകുട്ടിയോട് ഇഷ്ടം പറയുന്നതിനായി ഗിറ്റാറുമായി  അമേരിക്കയിൽ എത്തിയ സൂര്യ കഥാപാത്രത്തെ മനസ്സിൽ അൽപ്പം പ്രണയമുള്ള ആർക്കും മറക്കാൻ കഴിയില്ല. സൂര്യക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ഈ ചിത്രം താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. അതേസമയം യഥാർത്ഥ ജീവിതത്തിലും ഒരു ‘വാരണം ആയിരം’ കഥയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്..

ഒരിക്കൽ ട്രെയിനിൽ വച്ച് കണ്ട പെൺകുട്ടിയോട് തന്റെ പ്രണയം പറയുന്നതിനായി സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ എത്തിയിരിക്കുകയാണ് ബിശ്വജിത് പടാർ എന്ന യുവാവ്. താൻ ഒരിക്കൽ മാത്രം കണ്ട ആ പെൺകുട്ടിയെ വീണ്ടും കണ്ടെത്തുന്നതിനും തന്റെ പ്രണയം പറയുന്നതിനുമായി ആറ് കിലോമീറ്റർ ദൂരത്തിൽ  4000 പോസ്റ്ററുകളാണ് ഈ കാമുകൻ പതിച്ചത്. കോന്നഗർ മുതൽ ബാലി വരെയുള്ള സ്ഥലങ്ങളിലാണ് ഇയാൾ പോസ്റ്റർ പതിച്ചുവച്ചത്.

പോസ്റ്റർ പതിച്ചതിന് പുറമെ തന്റെ പ്രണയം പറയുന്നതിനായി ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമും ഈ കാമുകൻ തയാറാക്കി. റെയിൽവേ സ്റ്റേഷനിൽ പതിപ്പിച്ച പോസ്റ്ററുകളിൽ താൻ തയാറാക്കിയ ഷോർട്ട് ഫിലിമിന്റെ ലിങ്കും ഫോൺ നമ്പറും ബിശ്വജിത് ചേർത്തിട്ടുണ്ട്. ഒരു നോക്ക് മാത്രം കണ്ട പെൺകുട്ടിയെ വീണ്ടും കാണുമ്പോൾ പെൺകുട്ടിയ്ക്ക് മനസിലാക്കാൻ ആദ്യ ദിവസം ധരിച്ച അതേ ടീ ഷർട്ടും ജീൻസും ധരിച്ചാണ് ഇയാൾ എല്ലാ ദിവസവും ഓഫിസ് സമയത്തിന് ശേഷം റെയിൽവേ സ്റ്റേഷനിൽ എത്തുക. ദിവസവും സ്റ്റേഷനിൽ എത്തി ഈ പെൺകുട്ടിയെ കാത്തുനിൽക്കുന്ന ബിശ്വജിത് തന്റെ പ്രണയിനിയെ കണ്ടെത്തുന്നതുവരെ അവൾക്കായ് കാത്തുനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്…