സ്‌പെഷ്യല്‍ ‘തീവണ്ടി’യില്‍ കയറിയ രസകരമായ കഥ പറഞ്ഞ് സംയുക്ത മേനോന്‍; വീഡിയോ കാണാം

September 11, 2018

പിറന്നാള്‍ ദിനത്തില്‍ സ്‌പെഷ്യല്‍ ‘തീവണ്ടി’യില്‍ കയറിയതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ നായിക സംയുക്ത മേനോന്‍. ടെവിനോ നായകനായെത്തിയ ‘തീവണ്ടി’ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ പ്രേക്ഷകഹൃദയം കവര്‍ന്നു മുന്നേറാന്‍ തുടങ്ങി. ചരിത്രവിജയത്തിലേക്ക് തന്നെയാണ് ‘തീവണ്ടി’യുടെ ഈ കുതിച്ചുചാട്ടം. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയപ്പോള്‍ തന്നെ നായിക സംയുക്ത മോനോനെ പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ തികച്ചും യാദൃശ്ചീകമായി ‘തീവണ്ടി’യില്‍ എത്തിപ്പെട്ടതിന്റെ കഥ പറയുകയാണ് സംയുക്ത മേനോന്‍.

റിലീസ് ചെയ്യാനിരിക്കുന്ന ‘ലില്ലി’ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലം. ഒരു വൈകുന്നേരം എറണാകുളത്ത് യാത്രചെയ്യവെ സംയുക്തയെ തേടി ഒരു ഫോണ്‍ കോളെത്തി. ‘സംയുക്ത നിന്നെ തീവണ്ടിയിലേക്ക് ആരെങ്കിലും വിളിച്ചോ’ പെട്ടെന്ന് കേട്ട ചോദ്യത്തില്‍ സംയുക്തയ്ക്ക് കാര്യം മനസിലായില്ല. തുടര്‍ന്നു വന്ന ഫോണ്‍കോളിലും ഇതേ ചോദ്യം. മൂന്നാമതുമെത്തിയ കോളില്‍ എന്താണ് സംഭവമെന്ന് സംയുക്ത തിരിച്ചു ചോദിച്ചു. ‘ടൊവിനോയുടെ തീവണ്ടി’ എന്നു പറഞ്ഞപ്പോഴാണ് സംയുക്തയ്ക്ക് കാര്യം പിടികിട്ടിയത്. തുടര്‍ന്ന് ഗൂഗ്ള്‍ ചെയ്ത് നോക്കിയപ്പോഴാണ് സിനിമയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത് തന്നെ. ലില്ലിയുടെ എഡിറ്റര്‍ അപ്പുഭട്ടത്തിരിയാണ് സംയുക്താ മേനോനെ തീവണ്ടിയിലേക്ക് പരിചയപ്പെടുത്തിയത്. അപ്പു തന്നെയാണ് തീവണ്ടിയുടെയും എഡിറ്റര്‍.

തുടര്‍ന്ന് സംവിധായകന്‍ ഫെല്ലിനി സിനിമയെ പരിചയപ്പെടുത്തി. തിരക്കഥ നല്‍കുകയും ചെയ്തു. അങ്ങനെ ചരിത്രം കുറിച്ച് മുന്നേറുന്ന ഫെല്ലിനിയുടെ സ്‌പെഷ്യല്‍ തീവണ്ടിയില്‍ കയറി സംയുക്താമേനോനും.