ചേന്ദമംഗലത്തെ ചേർത്തുപിടിച്ച് സിനിമാതാരങ്ങൾ; ഒപ്പം ചേർന്ന് ബോളുവുഡ് സുന്ദരിയും

അതിജീവനത്തിന്റെ സന്ദേശവാഹകരായി ലോകം മുഴുവനുമുള്ള മലയാളികൾക്കൊപ്പം സിനിമാ ലോകവും എത്തുമ്പോൾ കേരളക്കര ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റും വെള്ളത്തിൽ നശിച്ചുപോയിരുന്നു. ഉപയോഗ ശൂന്യമായ ഈ കൈത്തറി തുണിത്തരങ്ങളെ ഉപയോഗിച്ച് പാവക്കുട്ടികളെ ഉണ്ടാക്കിയ കൊച്ചിയിലെ സൗഹൃദ കൂട്ടായ്മയും ചേക്കുട്ടികൾക്കുമൊപ്പം കേരളക്കരയെ രക്ഷിക്കാൻ എത്തിയ യുവ സുഹൃത്തുക്കൾക്കുമൊപ്പം ചേരുകയാണ് സിനിമാലോകവും.
പ്രളയത്തെത്തുടർന്ന് പൂർണമായും നശിച്ച കൈത്തറി മേഖലയെ തിരിച്ചുപിടിക്കുന്നതിനായി ആളുകളുടെ സാഹായം അഭ്യർത്ഥിക്കുകയാണ് മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ. പൃഥ്വിരാജ്, പാർവതി, ഇന്ദ്രജിത്, പ്രിയ വാര്യർ, കാളിദാസ് തുടങ്ങിയ സിനിമ താരങ്ങളുടെ ആഭിമുഖ്യത്തിൽ സേവ് ദി ലൂം എന്നൊരു സോഷ്യൽ മീഡിയ ക്യാംമ്പയിനും ആംഭിച്ചിട്ടുണ്ട്. ബോളിവുഡ് താരം ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറും സേവ് ദ ലൂം ക്യാമ്പയിനിൽ പങ്കെടുത്തു. എല്ലാവരും പ്ളേകാർഡും പിടിച്ചുകൊണ്ടുള്ള ചിത്രങ്ങളും ക്യാമ്പയിനിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് കൈത്തറി യൂണിറ്റുകളിൽ നിന്നും നഷ്ടമായത്. ഇവർക്ക് ഒരു പുനർജ്ജന്മം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സേവ് ദി ലൂം ക്യാമ്പയിനുമായി സിനിമ താരങ്ങളും ചേക്കുട്ടി പാവകളുമായി കൊച്ചിയിലെ സൗഹൃദയ കൂട്ടായ്മയും മുന്നോട്ട് വന്നിരിക്കുന്നത്.