സോഷ്യല്‍ മീഡിയ വഴിതെളിച്ചു ഈ അപൂര്‍വ്വ കൂടിക്കാഴ്ചയ്ക്ക്; വീഡിയോ കാണാം

September 4, 2018

ചില കൂടിക്കാഴ്ചകള്‍ക്ക് ഭംഗി കൂടുതലാണ്. പാട്ടുമുത്തശ്ശിയും സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറെ. അടുത്ത കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു സരോജിനി അമ്മ. പ്രായത്തെപ്പോലും മറന്ന് അതിമനോഹരമായി കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന സരോജിനി അമ്മയെ സോഷ്യല്‍ മീഡിയ സ്‌നേഹപൂര്‍വ്വം പാട്ടുമുത്തശ്ശി എന്നു വിളിച്ചു. പാട്ടുമുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു ശങ്കരന്‍ നമ്പൂതിരിയെ കാണുക എന്നത്. ആ ആഗ്രഹം സഫലമായതും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്.

സരോജിനി മുത്തശ്ശിയും ശങ്കരന്‍ നമ്പൂതിരിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോകളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഴൈറലാണ്. ‘ക്ഷീര സാഗര ശയനാ…’ എന്ന കീര്‍ത്തനം പാട്ടുമുത്തശ്ശിക്കായി ശങ്കരന്‍ നമ്പൂതിരി പാടിക്കൊടുക്കുകയും ചെയ്തു. മാവേലിക്കര സ്‌കൂളിലെ സംഗീത അധ്യാപികയായിരുന്നു ഈ പാട്ടുമുത്തശ്ശി. കുട്ടിക്കാലം മുതല്‍ക്കെ സംഗീതത്തെ അകമൊഴിഞ്ഞ് സ്‌നേഹിച്ചിരുന്നു സരോജിനി അമ്മ. വാര്‍ധക്യസഹജമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഇപ്പോഴും ഇടവിടാതെ കീര്‍ത്തനങ്ങള്‍ കേള്‍ക്കും. ശങ്കരന്‍ നമ്പൂതിരിയുടെ കീര്‍ത്തനങ്ങളാണ് കൂടുതല്‍ ആസ്വദിച്ചിരുന്നത്. അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം പലപ്പോഴും സരോജിനി അമ്മ പങ്കുവെച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പാട്ടുമുത്തശ്ശിയുടെ ആഗ്രഹം ശങ്കരന്‍ നമ്പൂതിരി അറിയുന്നതും.

എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ വഴിതെളിച്ച ഈ കൂടിക്കാഴ്ച തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയവും. നിരവധിപേരാണ് പാട്ടുമുത്തശ്ശിയും ശങ്കരന്‍ നമ്പൂതിരിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ ഷെയര്‍ ചെയ്യുന്നത്. മികച്ച പ്രതികരണവും ഈ കൂടിക്കാഴ്ചയ്ക്ക് ലഭിക്കുന്നുണ്ട്. ദീര്‍ഘനാളായുള്ള തന്റെ സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് പട്ടുമുത്തശ്ശി. അപൂര്‍വ സംഗമത്തിന് വഴി ഒരുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തില്‍ സാമൂഹ്യമാധ്യമങ്ങളും.