പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് വേണ്ടി സ്നേഹത്തിന്റെ കരുക്കൾനീക്കി കുഞ്ഞുബാലിക..

പ്രളയം തകർത്തെറിഞ്ഞ കേരളത്തിന് പിന്തുണയുമായി നിരവധി ആളുകളാണ് ദിവസവും എത്തുന്നത്. ജാതി മത പ്രായ ഭേദമന്യേ നിരവധി ആളുകൾ കേരളത്തിനായി സഹായ ഹസ്തം നീട്ടുമ്പോൾ ദുരിത കേരളത്തിൽ നിന്നും അതിജീവിച്ചുകൊണ്ടിരിക്കുന്ന കേരള ജനതയ്ക്ക് ഈ സഹായങ്ങൾ ആശ്വാസമാകുകയാണ്. ഇത്തരത്തിൽ ദുരിത കേരളത്തിനായി സ്നേഹത്തിന്റെ കരുക്കൾ നീക്കുകയാണ് സുഹാനി ലോഹിയ എന്ന ഒമ്പതു വയസുകാരി.
ചെസ് കളിയിൽ വിസ്മയം സൃഷ്ടിക്കുന്ന കൊച്ചു ബാലികയാണ് പ്രൊഫഷണൽ ചെസ് താരമായ സുഹാനി. മുംബൈ ക്യാൻറ്റിഡേറ്റായ ഈ കൊച്ചുമിടുക്കി കേരളത്തിനായി നൽകിയത് 23,൦൦൦ രൂപയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ കണ്ടാണ് സുഹാനി പണം കേരളത്തിനായി നൽകിയത്. നിരവധി ചെസ് മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ ഈ കൊച്ചുമിടുക്കി കഴിഞ്ഞ വർഷത്തെ യങ് ചെസ് മാസ്റ്ററാണ്.
അതേസമയം മകളുടെ ഈ പ്രവർത്തിയിൽ വളരെ സന്തോഷമുണ്ടെന്നും ഇത്തരത്തിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളിൽ മകൾ പങ്കാളിയാവുന്നത് ഇനിയും പ്രോത്സാഹിപ്പിക്കുമെന്നും സുഹാനിയുടെ മാതാപിതാക്കൾ അറിയിച്ചു. കുട്ടിയുടെ ഈ പ്രവർത്തിയെ വളരെയധികം പ്രശംസിക്കുന്നുവെന്നും അവൾ ചെയ്തത് വളരെ മാത്യകാപരമായ കാര്യമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു.