അത്ഭുതം ഈ ഓവര്‍ ഹെഡ് ഗോള്‍; വിനീഷ്യസിന്റെ പ്രകടനം കാണാം

September 14, 2018

കാല്‍പന്തുകളിയില്‍ അത്ഭുത ഗോളുകള്‍ സൃഷ്ടിക്കുന്നത് എക്കാലത്തും ആരാധകര്‍ക്ക് പ്രിയമാണ്. ഇത്തരം ഒരു അത്ഭുത ഗോളാണ് ഫുട്‌ബോള്‍ കായികലോകത്തെ ചര്‍ച്ചാ വിഷയം. റയല്‍ മാഡ്രിഡിന്റെ ട്രെയിനിംഗിനിടെ വിനീഷ്യസ് ജൂനിയര്‍ കാഴ്ചവെച്ചതാണ് ഈ അത്ഭുതഗോള്‍. എന്തായാലും വിനീഷ്യസിന്റെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ഗോളടി ഷെയര്‍ ചെയ്യുന്നത്. റയല്‍ മാഡ്രിഡിന്റെ ഫസ്റ്റ് ടീമില്‍ നിന്നും വിനീഷ്യസിനെ ഒഴിവാക്കാന്‍ നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സീനിയര്‍ ടീമില്‍ കളിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വിനീഷ്യസ് തന്റെ പ്രകടനത്തിലൂടെ.

മാഴ്‌സലോയുടെ ക്രോസില്‍ വിനീഷ്യസ് ബോള്‍ നെഞ്ചോട് ചേര്‍ത്തു. അത്ഭുതകരമെന്നു തോന്നുംവിധം ബോളിനെ നിയന്ത്രിച്ച ശേഷം ഒടുവില്‍ ഒരു സൂപ്പര്‍ അക്രോബാറ്റിക് കിക്ക്. ഉന്നം പിഴയ്ക്കാതെ ബോള്‍ വലകുലുക്കി. പരിശീലന സമയത്ത് മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഈ ബ്രസീലിയന്‍ താരം യൂത്ത് ടീമിനു വേണ്ടിയുള്ള മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഈ മത്സരത്തില്‍ രണ്ടു ഗോളുകള്‍ വിനീഷ്യസ് സ്വന്തമാക്കി.

ഫ്‌ലമങ്ങോയില്‍ നിന്നുമാണ് വിനീഷ്യസ് റയലിലെത്തുന്നത്. 45 ദശലക്ഷം യൂറോയ്ക്കായിരുന്നു വിനീഷ്യസിന്റെ ഈ മാറ്റം. എന്നാല്‍ റയല്‍ മാഡ്രിഡില്‍ അവസരങ്ങള്‍ കുറയുന്നതിനെ തുടര്‍ന്ന് പഴയ ക്ലബ്ലിലേക്ക് തിരിച്ചുപോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പരിശീലനത്തിലെ മികച്ച പ്രകടനം വിനീഷ്യസിനെ റയലില്‍തന്നെ പിടിച്ചുനിര്‍ത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്തായാലും താരത്തിന്റെ പരിശീലനത്തിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.