വൈറലാകുന്ന അമ്മയും മകനും; ഈ ചിത്രത്തിനും പറയാനുണ്ട് ചിലത്

September 29, 2018

കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമുണ്ട്. ഒരു അമ്മയുടെയും മകന്റേയും ചിത്രം. പോലീസ് ഉദ്യോഗസ്ഥനായ മകന്‍ കൃഷിയിടത്തില്‍വെച്ച് തന്റെ അമ്മയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതാണ് ഈ ചിത്രത്തില്‍. പോലീസ് യൂണിഫോമാണ് മകന്റെ വേഷവും.

വാക്കുകളേക്കാള്‍ ഏറെ പലപ്പോഴും ചിത്രം സംസാരിക്കുമെന്ന് പറയുന്നത് വെറുതെയല്ല. മക്കള്‍-മാതാപിതാക്കള്‍ ബന്ധത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിക്കുന്നുണ്ട് ഈ ചിത്രത്തില്‍. കൂണുപോലെ വൃദ്ധസദനങ്ങള്‍ പെരുകുമ്പോഴും ഇത്തരം ചിത്രങ്ങള്‍ മാതാപിതാക്കള്‍ക്ക് ഒരു പ്രതീക്ഷയാണ്. കാല് തൊട്ടു വന്ദിക്കുമ്പോള്‍ മകന്റെ തോളില്‍ പിടിച്ച് ഉയര്‍ത്താനും ശ്രമിക്കുന്നുണ്ട് ചിത്രത്തിലെ അമ്മ.

കര്‍ണാടക പോലീസിലെ സബ്ഇന്‍സ്‌പെക്ടറാണ് ഈ മകന്‍. തന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാന്‍ അമ്മയ്ക്ക് സാധിച്ചില്ല. നാട്ടിലെത്തിയ ഉടനെ മകന്‍ കൃഷിയിടത്തില്‍ ചെന്ന് അമ്മയുടെ കാല്‍തൊട്ടു വന്ദിച്ചു. കര്‍ണാടകാ പോലീസിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഭാസകര്‍ റാവുമാണ് ഈ അമ്മയുടെയും മകന്റെയും ചിത്രം സാമൂഹ്യാധ്യമങ്ങളില്‍ പങ്കുവെച്ചത്. തുടര്‍ന്ന് നിരവധി പേര്‍ ചിത്രം ഏറ്റെടുത്തു. നന്ദിയുള്ള മകന്‍ എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയകളില്‍ ചിത്രം പങ്കുവെയ്ക്കുന്നത്. കര്‍ണാടക പോലീസിന്റെ ഔദ്യോഗിക പേജിലടക്കം ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.