കടുവക്കുട്ടിയെ ആത്മസുഹൃത്താക്കി ഒമ്പത് വയസുകാരി; വീഡിയോ കാണാം

October 15, 2018

കുട്ടികളോട് ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉണ്ടാകും ഒരു നൂറ് ഉത്തരങ്ങള്‍. മനുഷ്യര്‍ക്കുപുറമെ പട്ടിക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും പക്ഷികളെയുമെല്ലാം ബെസ്റ്റ് ഫ്രണ്ട്ട്‌സ് ആക്കുന്ന കുട്ടികളും നിരവധിയാണ്. എന്നാല്‍ ഒരു കടുവക്കുട്ടിയെ ആത്മസുഹൃത്താക്കിയ കുട്ടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ…

അങ്ങനെയും ഉണ്ട് ഒരു കുട്ടി. അങ്ങ് ചൈനയില്‍. സുന്‍ സിയോജിങ് എന്ന ഒമ്പതുവയസുകാരിയുടെ ആത്മസുഹൃത്ത് ഒരു കടുവക്കുട്ടിയാണ്. ഒരു മൃഗശാല ജീവനക്കാരനാണ് സുന്‍സിയോജിങിന്റെ പിതാവ്. ഇവരുടെ വീടും മൃഗശാലയ്ക്ക് അടുത്തുതന്നെയാണ്.

മൂന്നുമാസങ്ങള്‍ക്കുമുമ്പായിരുന്ന ഈ കടുവക്കുട്ടിയുടെ ജനനം. അന്നുതൊട്ടിന്നോളം കടുവക്കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതും പാലുകൊടുക്കുന്നതും കുളിപ്പിക്കുന്നതുമെല്ലാം സുന്‍ തന്നെ. ഹുനിയു എന്ന ഓമനപ്പേരുമിട്ടു കടുവക്കുട്ടിക്ക് സുന്‍. കടുവക്കുട്ടിക്കൊപ്പമാണ് ഈ ഒമ്പതുവയസ്സുകാരി തന്റെ വിനോദസമയങ്ങളില്‍ അധികവും ചെലവഴിക്കുന്നത്.

കടുവക്കുട്ടിയുടെ കഴുത്തില്‍ ഒരുബെല്‍റ്റുംകെട്ടിയാണ് ഇരുവരുടെയും നടപ്പ്. എന്തായാലും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് തികച്ചും വിത്യസ്തമായ ഈ സൗഹൃദക്കാഴ്ച. സുന്‍ സിയോജിങിന്റെയും ആത്മസുഹൃത്തായ കടുവക്കുട്ടിയുടെയും വീഡിയോ നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.