സഹോദരിക്കായി അലിയ ഭട്ടിന്റെ സന്ദേശം; ഹൃദയംതൊടും ഈ വീഡിയോ

October 13, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് അലിയ ഭട്ട് പങ്കുവെച്ച ഒരു വീഡിയോ. സഹോദരി ഷഹീന് ഒരു സന്ദേശം നല്‍കുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഏറെ ഹൃദയസ്പര്‍ശിയാണ് ഈ വീഡിയോ. ലോക മാനസീക ആരോഗ്യദിനത്തില്‍ ഷഹീന്‍ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു. ‘I’ve never been (un)happier’ എന്നാണ് പുസ്തകത്തിന്റെ പേര്. വിഷാദരേഗത്തിനെതിരെയുള്ള ഒരു പോരാട്ടത്തിന്റെ കഥയാണ് പുസ്തകം പറയുന്നത്. ഈ പുസ്തകം വായിച്ച ശേഷമാണ് അലിയ സഹോദരിക്കായി ഹൃദയം തൊടുന്നൊരു സന്ദേശം പങ്കുവെയ്ക്കുന്നത്.

അലിയയുടെയും സഹോദരി ഷാഹിന്റെയും ബാല്യകാലത്തിലെ ചില രംഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ജോലിത്തിരക്കിനൊടുവില്‍ ക്ഷീണിതയായി വീട്ടിലെത്തുമ്പോള്‍ സഹോദരി ഷഹീന്റെ കണ്ണുകളിലേക്ക് നോക്കിയാല്‍ തന്റെ ഹൃദയം ഏറെ പ്രകാശപൂരിതമാകുമെന്നും അലിയ വീഡിയോ സന്ദേശത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഏറെ വികാരനിര്‍ഭരയായാണ് താരം സഹോദരിക്കയുള്ള സന്ദേശം പങ്കുവെയ്ക്കുന്നത്.

ഒരു ക്ഷമാപണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ‘നിങ്ങളോടൊപ്പമായിരുന്നിട്ടും നിങ്ങള്‍ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരിക്കല്‍പോലും താന്‍ ചിന്തിച്ചിട്ടില്ലെന്നും സഹോദരി ഷഹീനോടായി നിറമിഴികളോടെ അലിയ പറയുന്നുണ്ട്.