പ്രിയപ്പെട്ട ബാലുവിന് സ്നേഹ സമ്മാനവുമായി സംഗീത സംവിധായകൻ എം ജയചന്ദ്രൻ…

വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കാൻ ഇനി ബാലഭാസ്കർ ഇല്ല എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര ഏറ്റെടുത്തത്. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ കഴിഞ്ഞ ഒക്ടോബർ രണ്ടിന് കാറപകടത്തെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്തരിച്ചത്.
സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രമുഖ സംഗീത സംവിധായകന് എം ജയചന്ദ്രന്. പ്രിയപ്പെട്ട ബാലുവിന് സ്നേഹത്തില്‍ ചാലിച്ച സമ്മാനവുമായാണ് ജയചന്ദ്രൻ എത്തുന്നത്. ബാലു ഇവിടെ നമുക്കിടയിൽ തന്നെയുണ്ടെന്ന സന്ദേശം സംഗീതത്തില്‍ ചാലിച്ച് വീഡിയോ ആക്കിയിരിക്കുകയാണ് ജയചന്ദ്രന്.
ബാലഭാസ്കർ തയാറാക്കിയ സൂര്യാ തീം മ്യൂസിക് സംഗീത സ്വരങ്ങളിലൂടെ ആലപിച്ചാണ് ജയചന്ദ്രന് ബാലുവിന്റെ ഓര്‍മ്മകള്‍ കലാലോകത്തിന് പങ്കുവച്ചത്. ജയചന്ദ്രൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പങ്കുവെച്ചത്.
നിറഞ്ഞ ചിരിയും വയലിനിലെ മാന്ത്രികതയുമായി ബാലഭാസ്കർ വേദിയിൽ എത്തിയാൽ സംഗീതത്തിന്റെ മറ്റൊരു മാന്ത്രിക ലോകത്തേക്ക് പ്രേക്ഷകരെ എത്തുക്കുമെന്നതിൽ സംശയമില്ല. അകാലത്തിൽ വിടവാങ്ങുന്ന ഈ കലാപ്രതിഭയുടെ മാസ്മരീകമായ സംഗീതത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ബാലു ജീവിക്കുമെന്നത് നിസംശയം പറയാം..