‘ലൂസിഫര്‍’ ടീമിനൊപ്പം പിറന്നാള്‍ ആഘോഷം; വിശേഷങ്ങള്‍ പങ്കുവെച്ച് പൃഥിരാജ്

October 17, 2018

മലയാളികളുടെ പ്രിയതാരം പൃഥിരാജ് പിറന്നാള്‍ ആഘോഷത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഒക്ടോബര്‍ പതിനാറിനായിരുന്നു താരത്തിന്റെ പിറന്നാള്‍. നിരവധി പേരാണ് പൃഥിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.

പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ ടീമിനൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ കൈയില്‍ നിന്നും പിറന്നാള്‍ കേക്കിന്റെ മധുരം ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ലൈവില്‍ പൃഥിരാജ് പറഞ്ഞു. തനിക്ക് ആശംസകള്‍ നേര്‍ന്നവര്‍ക്കെല്ലാം പൃഥിരാജ് നന്ദിയും അറിയിച്ചു.

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പൃഥിരാജിന്റെ ഭാര്യ സുപ്രിയയും പൃഥിരാജിന് കേക്കിന്റെ മധുരം നല്‍കി.

പിറന്നാളിനോടനുബന്ധിച്ച് ‘ലൂസിഫര്‍’ ടീം പ്രത്യേക വീഡിയോയും പങ്കുവെച്ചിരുന്നു. ‘ലൂസിഫര്‍‘ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ കാഴ്ചകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോയാണ് പ്രിയപ്പെട്ട സംവിധായകന്റെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകരും മോഹന്‍ലാലും ചേര്‍ന്ന് ഒരുക്കിയത്. മോഹന്‍ലാലാണ് ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ പ്രിയ സംവിധായകന് ആശംസകള്‍ നേര്‍ന്നിരുന്നു. പൃഥിരാജിന്റെ സിനിമാജീവിതത്തിലെ തന്നെ നാഴികകല്ലായിരിക്കും ‘ലൂസിഫര്‍’ എന്ന ചിത്രമെന്നും ആശംസയ്‌ക്കൊപ്പം മോഹന്‍ലാല്‍ പങ്കുവെച്ചു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെല്ലാം  പൃഥ്വിരാജിന് ആശംസകള്‍ നേരുന്നതും വീഡിയോയില്‍ ഉണ്ട്.

അതേ സമയം പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് തുടക്കം കുറിച്ച പൃഥിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘നയന്‍’ എന്ന ചിത്രം സാങ്കേതിക കാരണങ്ങളാല്‍ ഉടന്‍ റിലീസ് ചെയ്യില്ലെന്നും ലൈവില്‍ പൃഥിരാജ് പറഞ്ഞു. നവംബര്‍ പതിനാറിന് ചിത്രം തീയറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.