സംസ്ഥാന സ്‌കൂള്‍ കായിക മേള; മൂന്നാം ദിനവും എറണാകുളം മുന്നില്‍തന്നെ

October 28, 2018

തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം തന്നെയാണ് മുന്നില്‍. മൂന്നാം ദിനം മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ 210 പോയിന്റുകളുമായാണ് എറണാകുളം മുന്നേറുന്നത്. 144 പോയിന്റുകളുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 81 പോയിന്റുകളാണ് കോഴിക്കോടിന് ഉള്ളത്. 72 പോയിന്‍രുകളുമായി തിരുവനന്തപുരമാണ് നിലവില്‍ നാലാം സ്ഥാനത്ത്. 64 പോയിന്റുകളുമായി തൃശ്ശൂര്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

കേരളത്തിലെ മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണു നടന്നത്. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍. കായികമേളയിലെ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരം ജില്ലയിലെ സല്‍മാന്‍ ഫറൂഖ് കരസ്ഥമാക്കി. മൂവായിരം മീറ്റര്‍ ഓട്ടത്തിലാണ് താരത്തിന് സ്വര്‍ണ്ണം ലഭിച്ചത്.

മൂന്നുദിവസത്തെ മീറ്റ് ഇന്ന് സമാപിക്കും. 2,200 താരങ്ങള്‍ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ യൂത്ത് ഒളിംപിക്‌സില്‍ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാരായി നിലകൊള്ളുന്നത്.