കേരളത്തിന് പ്രതീക്ഷ; രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളത്തിന് മികച്ച ലീഡ്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സില്‍ മികച്ച ലീഡ്. 147 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ ബംഗാല്‍ അടിച്ചെടുത്തത്. കേരളം ഒന്നാം ഇന്നിങ്സില്‍ 291 റണ്‍സുമെടുത്തു. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലായിരുന്നു കേരളം. ഒരു റണ്‍സ് എടുത്ത അരുണ്‍ കാര്‍ത്തിക്കിനെയാണ് ആദ്യ ദിനം കേരളത്തിന് നഷ്ടമായത്.
ജലജ് സക്സേനയും രോഹന് പ്രേമുമാണ് ആദ്യദിനം കളി അവസാനിച്ചപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ 144 റണ്‍സിന്റെ ലീഡ് നേടിയ കേരളം രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ബംഗളിന്റെ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റും വീഴ്ത്തി.
ജലജ് സക്സേനയുടെ സെഞ്ചുറി മികവാണ് കേരളത്തിന് ബംഗാളിനെതിരെ മികച്ച ലീഡ് സ്വന്തമാക്കാന്‍ സഹായകരമായത്. 190 പന്തുകളില്‍ നിന്നായി 143 റണ്‍സാണ് സക്സേന അടിച്ചെടുത്തത്.
ആദ്യ ഇന്നിങ്സില്‍ ബൗളിങിലും കേരളം മികവു പുലര്‍ത്തിയിരുന്നു. കേരളത്തിനായി ബേസില്‍ തമ്പി നാലും എംഡി നിതീഷ് മൂന്നും സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റുമെടുത്തു. ജലജ് സക്സേന കേരളത്തിനായി ഒരു വിക്കറ്റും നേടി. ആദ്യ ഇന്നിങ്സിലെ തകര്‍പ്പന്‍ പ്രകടനം രണ്ടാം ഇന്നിങ്സിലും കേരളം പുറത്തെടുത്താല്‍ വിജയമുറപ്പിക്കാം.