കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അരുൺ ക്രിസ്റ്റോയ്ക്ക് സമ്മാനവുമായി ഗിന്നസ് പക്രു…

November 15, 2018

അരുൺ ക്രിസ്റ്റോ എന്ന പേര് മലയാളികൾ അത്രപെട്ടെന്നൊന്നും മറന്നിട്ടുണ്ടാവില്ല. കോമഡി ഉത്സവവേദിയുടെ ഹൃദയം കീഴടക്കാനെത്തിയ അരുൺ ക്രിസ്റ്റോ എന്ന കൊച്ചുമിടുക്കനെ മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ശാരീരിക വൈകല്യങ്ങളെ പാട്ടു പാടിയും മിമിക്രി കാണിച്ചുമൊക്കെ മറികടന്ന അരുണിനെത്തേടി ഇപ്പോൾ കോമഡി ഉത്സവത്തിലെ വിധികർത്താവും നടനുമായ മലയാളികളുടെ പ്രിയപ്പെട്ട പക്രുചേട്ടൻ എത്തിയിരിക്കുകയാണ്.

ശിശു ദിനത്തിലാണ് താരം അരുണിന് നൽകുന്ന സർപ്രൈസ് വെളിപ്പെടുത്തിയത്. പക്രു നിർമ്മിക്കുന്ന ‘ഫാൻസി ഡ്രസ്സ്’ എന്ന പുതിയ ചിത്രത്തിൽ  അരുൺ ക്രിസ്റ്റോ ഒരു വേഷം ചെയ്യുന്ന വിവരമാണ് താരം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതറിഞ്ഞു  നിരവധി ആളുകളാണ് താരത്തിന്റെ നല്ല മനസ്സിന് അഭിനന്ദനവുമായി രംഗത്തെത്തിയത്.


ജന്മനാ ഉള്ള കുട്ടിയുടെ ശാരീരിക വൈകല്യങ്ങൾ കണ്ട് മാതാപിതാക്കൾ ഉപേക്ഷിച്ച് പോയ അരുണിനെ പിന്നീട് ശാലോം സദനത്തിലെ സിസ്റ്ററുമാർ ഏറ്റെടുക്കയായിരിന്നു. പരിമിതികളെ സംഗീതം കൊണ്ട് മറികടക്കാൻ ശ്രമിക്കുന്ന ഈ കുഞ്ഞു ബാലൻ ഫ്ലവേഴ്സ് ടി വി ഒരുക്കുന്ന ജനപ്രിയ പരമ്പര കോമഡി ഉത്സവത്തിലൂടെ മലയാളികളുടെ മുഴുവൻ പ്രിയങ്കരനാവുകയായിരുന്നു.