വയലിനിൽ വിസ്മയം സൃഷ്ടിച്ച കലാകാരന് സംഗീതാഞ്ജലിയുമായി യുവകലാകാരന്മാർ…
സംഗീതത്തിന്റെ ലോകത്ത് തന്റെ മാന്ത്രിക വിരലുകൾക്കൊണ്ട് കൈയ്യൊപ്പ് ചാലിച്ച കലാകാരനാണ് ബാലഭാസകർ. പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരിക്കാത്ത സംഗീതത്തിന്റെ ഓർമ്മകളുമായി എത്തുകയാണ് വേൾഡ് മ്യൂസിക്ക് ഫെസ്റ്റിവൽ ഫൗണ്ടേഷൻ.
വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിക്കുന്ന ഈ കലാകാരന്റെ സംഗീതം ഹൃദയത്തോട് ചേർത്തുവെച്ച ആയിരക്കണക്കിന് ആരാധകർക്ക് ഉണങ്ങാത്ത മുറിവായിരുന്നു ബാലഭാസ്കറിന്റെ മരണം.
സംഗീതത്തിന്റെ ലോകത്ത് എന്നും പുതിയ വസന്തം സൃഷ്ടിച്ച ഈ കലാകാരന് സംഗീതാഞ്ജലിയുമായി എത്തുകയാണ് ശ്രുതി നമ്പൂതിരിയും സംഘവും. ശ്രുതിയുടെ വരികൾക്ക് സംഗീതം സംഗീതം നൽകിയിരിക്കുന്നത് സുദീപ് പലനാടാണ്. ചാരുലതയ്ക്ക് ശേഷം ശ്രുതിയും സുദീപും ഒന്നിക്കുന്ന പുതിയ വീഡിയോയാണ് ഇത്.
ബാലഭാസ്കർ ഒരുക്കിയ സൂര്യ ഫെസ്റ്റിവൽ തീം മ്യൂസിക്കിന് വയലിനിൽ പുതു ജീവൻ നൽകിയിരിക്കുകയാണ് വിവേക് കെ സി എന്ന കലാകാരൻ. അതോടൊപ്പം ബാലുവിന്റെ ചുമർ ചിത്രം വരച്ചത് സുനീഷ് കുട്ടിക്കലും.
തൃശൂരിൽ നിന്നും ക്ഷേത്ര ദർശത്തിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തത്ക്ഷണം ബാലുവിന്റെ കുട്ടി തേജസ്വിനി മരണമടഞ്ഞു. പിന്നീട് രണ്ട് ദിവസങ്ങൾക്കു ശേഷം ബാലുവും കലാലോകത്തോട് വിട പറയുകയായിരുന്നു. അപകട നില തരണം ചെയ്ത ബാലുവുവിന്റ് ഭാര്യ ലക്ഷ്മിയേയും ഡ്രൈവറേയും കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിച്ചു.