ചരിത്രവും ഐതിഹ്യവും ജാലവിദ്യകളും ഇഴചേർത്ത് ഒരു ചിത്രം..
ആരാധകരുടെ കാത്തിരിപ്പിനൊടുവിൻ ഒടിവിദ്യകളുമായി അവൻ എത്തി. ഇരുട്ടിന്റെ രാജാവ്…. സാക്ഷാൽ ഒടിയൻ. മാസും ക്ലാസും ഒരുമിപ്പിച്ച് ഒടിയൻ എത്തിയപ്പോൾ ആവേശം ഒട്ടും ചോരാതെ മോഹൻലാൽ ഫാൻസ് ചിത്രത്തെ ഏറ്റെടുത്തു. ഭൂതത്തേയോ പ്രേതത്തെയോ പേടിയ്ക്കാത്ത മലയാളികൾക്ക് മുന്നിൽ ഒടിവിദ്യകളുടെ കെട്ടുകഥകളുമായി ശ്രീകുമാരമേനോൻ എത്തിയപ്പോൾ കേരളക്കര ആവേശത്തോടെ ചിത്രത്തെ സ്വീകരിച്ചു. എന്നാൽ പരസ്യ സംവിധാനത്തിൽ നിന്നും സിനിമാ സംവിധായകനിലേക്കുള്ള ശ്രീകുമാർ മേനോന്റെ വളർച്ചയും ചിത്രത്തിനൊപ്പം മലയാളികൾക്കിടയിൽ ചർച്ചയായി.
ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുമ്പോൾ മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടർ അസാധാരണ മികവോടെ ചിത്രത്തിൽ ഒടിയനായി പകർന്നാടുകയായിരുന്നു.
ചരിത്രവും ഐതിഹ്യവും ജാലവിദ്യകളുമൊക്കെ ഇഴ ചേർന്ന് നിൽക്കുന്ന ചിത്രത്തിൽ തേക്കുറിശ്ശി എന്ന ഗ്രാമവും ഒടിയൻ മാണിക്യനുമാണ് നിറഞ്ഞുനില്കുന്നത്. ഗ്രാമത്തിലെ ഓരോ ആളുകൾക്കും പറയാനുള്ളത് ഒടിയനെക്കുറിച്ചുള്ള ഓരോ കഥകളാണ്. പ്രതികാരത്തിന്റെ ലഹരിയുമായി പതിനഞ്ച് വർഷങ്ങൾക്ക് ശേഷം പുകച്ചുരുകൾക്കിടയിൽ നിന്നും മാണിക്യൻ തിരിച്ചുവരുന്നത് രാവുണ്ണിയോടുള്ള കടുത്ത പ്രതികാരവുമായാണ്.
ചിത്രത്തിന്റെ ആദ്യപകുതിയിൽ നിറയെ ഒടിയന്റെ കഥകളാണ് പറയുന്നത്. ഒടിയൻ കുട്ടിയായിരിക്കുമ്പോൾ തന്നെ ഒടിയനെ തേക്കുറിശ്ശിയിൽ ഉപേക്ഷിച്ച് നാടുവിട്ട് പോയതാണ് ഒടിയന്റെ മാതാപിതാക്കൾ. പിന്നീട് ഗ്രാമത്തിൽ മുത്തപ്പനൊപ്പം നിന്ന് സകല ഒടിവിദ്യകളും പഠിച്ച ഒടിയനെ കാത്തിരുന്നത് പക്ഷെ ഒടി വിദ്യകളുടെ അത്ഭുതലോകം മാത്രമായിരുന്നില്ല…
വർത്തമാനകാലവും ഭൂതകാലവും മാറിമാറി വരുത്തുന്ന ഹരികൃഷന്റെ തിരക്കഥയും ഗ്രാഫിക്സുകൾക്ക് അധികപ്രാധാന്യം നൽകാതെയുള്ള ചിത്രത്തിന്റെ അവതരണശൈലിയും സിനിമയെ തന്മയത്വമുള്ളതാക്കുന്നു. കേരളക്കരയിൽ നിലന്നിരുന്ന ഒടിയൻ എന്ന സങ്കൽപ്പത്തെ പുതിയ തലമുറയുടെ മുന്നിൽ അവതരിപ്പിക്കുന്നതിൽ ശ്രീകുമാർ മേനോൻ ഒരു പരിധി വരെയെങ്കിലും വിജയിച്ചു.
പുലിമുരുകൻ പോലൊരു മാസ് ചിത്രം പ്രതീക്ഷിച്ച് തിയേറ്ററുകളിൽ എത്തുന്നവരെ ഒടിയൻ കുറച്ച് നിരാശപ്പെടുത്തുമെങ്കിലും, ഭൂതകാലത്തിലെ ഒടിയന്റെ ജാലവിദ്യകളും മോഹൻലാൽ എന്ന മഹാ നടന്റെ അവതരണ മനോഹാരിതയും രണ്ടര മണിക്കൂർ തിയേറ്ററുകളിൽ ബോറടിപ്പിക്കാതെ ആരാധകരെ പിടിച്ചിരുത്തും.
അനു ജോർജ്