പോലീസ് സ്റ്റേഷനില്‍ സുരേഷിന്റെ കിടിലന്‍ പാട്ട്, താളം പിടിച്ച് പോലീസുകാര്‍; വീഡിയോ

December 3, 2018

മുത്തേ പൊന്നെ പിണങ്ങല്ലേ… ഈ പാട്ട് ഓര്‍മ്മയില്ലേ. നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തിയ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയില്‍ അരിസ്‌റ്റോ സുരേഷ് പാടിയ തകര്‍പ്പന്‍ ഗാനം. പോലീസ് സ്‌റ്റേഷനില്‍ പ്രതിയായി എത്തിയതായിരുന്നു അരിസ്റ്റോ സുരേഷിന്റെ ആ കഥാപാത്രം. ഇപ്പോഴിതാ വീണ്ടും പോലീസ് സ്‌റ്റേഷനില്‍ പാട്ടുപാടി കൈയടി നേടുകയാണ് മറ്റൊരു സുരേഷ്. വെള്ളിത്തിരയിലല്ല ജീവിതത്തില്‍. പക്ഷെ ഈ സുരേക്ഷ് പ്രതിയല്ല.

പരിയാരം പോലീസ് സ്‌റ്റേഷനിലാണ് സംഭവം. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളിലൂടെ ശ്രദ്ധേയനായ സുരേഷ് പള്ളിപ്പാറയാണ് പോലീസ് സ്‌റ്റേഷനില്‍ ഗാനമാലപിച്ചുകൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പോലീസുകാരനായ സുഹൃത്തിനെ കാണുന്നതിനുവേണ്ടിയാണ് സുരേഷ് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് മറ്റ് പോലീസുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് പാട്ട് പാടുകയായിരുന്നു.

പാലം പാലം നല്ല നടപ്പാലം… എന്നു തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്.  സുരേഷിന്റെ പാട്ടിന് പോലീസുകാര്‍ താളംപിടിക്കുന്നതും വീഡിയോയില്‍ കാണാം. ജിതേഷ് മലപ്പുറം രചിച്ചതാണ് ഈ ഗാനം. സുരേഷ് തന്നെയാണ് പോലീസുകാര്‍ക്കൊപ്പം ഗാനം ആലപിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചതും. എന്തായാലും സുരേഷിന്റെ പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.