ആഫ്രിക്കയിലും ഹിറ്റായി ‘ജോസഫി’ലെ ഗാനം; ചുവടുവെച്ച് ഒരു കുടുംബം, വീഡിയോ കാണാം..

January 24, 2019

മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രമാണ് ജോജു ജോർജ് നായകനായി എത്തിയ ജോസഫ്. ചിത്രം മാത്രമല്ല ചിത്രത്തിലെ ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ജോസഫിലെ ഗാനത്തിന് കേരളത്തിൽ മാത്രമല്ല അങ്ങ് ആഫ്രിക്കയിൽ വരെ ആരാധകരുണ്ട്. ”പാടവരമ്പത്തിലൂടെ” എന്ന ഗാനത്തിനാണ് നൃത്തച്ചുവടുകളുമായി ഒരു ആഫ്രിക്കൻ കുടുംബം എത്തുന്നത്.

അച്ഛനും അമ്മയും മകനും ചേർന്ന് ഈ ഗാനത്തിന് വളരെ മനോഹരമായി നൃത്തച്ചുവട് വെക്കുന്ന ആഫ്രിക്കൻ കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സംഗീതത്തിന് ഭാഷ ഇല്ലെന്ന് പറയുന്നതുപോലെ താളത്തിനൊത്ത ചുവടുകള്‍ വയ്ക്കുമ്പോഴും വരികളുടെ അര്‍ത്ഥമറിയാതെയാണ് ഈ കുടുംബം ചുവടുവയ്ക്കുന്നത്.

ഹാസ്യ നടനായും വില്ലനായും, നിർമ്മാതാവായുമൊക്കെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ  ചിത്രമാണ് ‘ജോസഫ്’. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ദിലീഷ് പോത്തന്‍, അനില്‍ മുരളി, സൗബിൻ, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.