‘പേരന്‍പ്, ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ അനുഭവം’; തരംഗമായി ആശാ ശരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

January 29, 2019

തമിഴ്‌നാട്ടിലെയും മലയാളത്തിലെയും പ്രേക്ഷകര്‍ ഒരുപോലെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പേരന്‍പ്’. റാം ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. പേരന്‍പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മലയാള ചലച്ചിത്രലോകവും. സിനിമകണ്ട ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇത്തരത്തില്‍ ശ്രദ്ധ നേടുകയാണ് പേരന്‍പിനെക്കുറിച്ച് നടി ആശാ ശരത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ്

ആശാ ശരത്ത് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘പേരന്‍പ്’….ഹൃദയസ്പര്‍ശിയും ആര്‍ദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം…കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂര്‍ത്തങ്ങളും പിന്തുടരുന്ന അവസ്ഥ…. മമ്മൂക്കയെ കുറിച്ച് പറയാന്‍ വാക്കുകളില്ല… തനിയാവര്‍ത്തത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണുനനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളില്‍ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. അദ്ദേഹത്തില്‍നിന്നും അതിഗംഭീരമായ കഥാപാത്രങ്ങള്‍ ഇനിയുമെത്രയോ വരാനിരിക്കുന്നു…മമ്മൂക്കയോടൊപ്പം ‘പേരന്‍പ്’ കാണാന്‍ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. ‘റാം’ എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും ‘പാപ്പാ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീര്‍ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുത്തതാക്കി…ജീവിതത്തില്‍ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീര്‍ണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു….

റാം സംവിധാനം ചെയ്ത തങ്കമീന്‍കള്‍, കട്രത് തമിഴ്, തരമണി എന്നി ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ പേരന്‍പിനെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.