ഹർത്താൽ; പലയിടങ്ങളിലും സംഘർഷം, ഒരാൾ മരിച്ചു..

January 3, 2019

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെത്തുടർന്ന് കർമ്മസമിതി ആഹ്വനം ചെയ്ത ഹർത്താലിൽ പലയിടങ്ങളിലും സംഘർഷം. ബിജെപി-യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പത്തനംതിട്ട പന്തളത്ത് അക്രമത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ആക്രമിക്കപ്പെട്ടു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്.

പാലക്കാടും തൃശ്ശൂരും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. ബെംഗളൂരുവില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസുകള്‍ കോട്ടയത്തേക്കും മൂന്നാറിലേക്കും പൊലീസ് സംരക്ഷണയോടെ യാത്ര തുടരുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്ക് ഒന്നും തന്നെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നില്ല. കണ്ണൂര്‍ പയ്യന്നൂർ എടാട്ട്, പെരുമ്പ എന്നിവിടങ്ങളിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് കണ്ണൂരിലെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിര്‍ത്തി വച്ചു.