ഇന്ത്യ- ന്യൂസ്ലന്‍ഡ് രണ്ടാം ഏകദിനം; കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത് ഇന്ത്യ

January 26, 2019

ന്യൂസ്ലന്‍ഡിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചെടുത്ത് ഇന്ത്യന്‍ താരങ്ങള്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ക്കെ ബാറ്റിങ്ങില്‍ മികവു പുലര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞു.

അമ്പത് ഓവറുകള്‍ പിന്നിട്ടപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സെടുത്താണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കം തന്നെയാണ് കാഴ്ചവെച്ചത്. 154 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 87 റണ്‍സാണ് രോഹിത് ശര്‍മ്മ എടുത്തത്. രോഹിത് ശര്‍മ്മ തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

67 പന്തുകളില്‍ നിന്നായി 66 റണ്‍സെടുത്തിരുന്നു ഓപ്പണര്‍മാരില്‍ ഒരാളായ ശിഖര്‍ ധവാന്‍. ക്യാപ്റ്റന്‍ വിരാട് കോഹ്ലി 45 പന്തുകലില്‍ നിന്ുമായി 43 റണ്‍സെടുത്തു. 49 പന്തുകളില്‍ നിന്നുമായി 47 റണ്‍സാണ് അമ്പാട്ടി റായിഡു അടിച്ചെടുത്തത്. 33 പന്തുകളില്‍ നിന്നുമായി 48 റണ്‍സെടുത്ത ധോണിയും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തി. 10 പന്തില്‍ നിന്നുമായി 22 ററണ്‍സാണ് കേഥാര്‍ ജാദവ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസ്ലന്‍ഡിന് തുടക്കത്തില്‍ തന്നെ ഒരു വിക്കറ്റ് നഷ്ടമായി. നിലവില്‍ ആറ് ഓവറുകള്‍ പിന്നിട്ട ന്യൂസ്ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ്.