വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍; മുന്നറിയിപ്പുമായി കേരളാ പോലീസ്
വാഹനങ്ങളെ മറികടക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണും ചെറുതല്ല. അതുകൊണ്ടുതന്നെ ഓവര്‍ടേക്കിങ് സമയത്ത് വാഹനം ഓടിക്കുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പോലീസ്. ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളാ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഓവര്‍ടേക്കിങ് അപകടങ്ങളിലേക്കാകരുത് :
അടുത്തിടെയുണ്ടായ വലിയ വാഹനാപകടങ്ങളുടെ പ്രധാന കാരണം അലക്ഷ്യമായ ഓവര്‍ടേക്കിങ് ആയിരുന്നു. അശ്രദ്ധമായുള്ള ഓവര്‍ടേക്കിങ് ഒരു പക്ഷെ അപകടത്തിലേക്കാകും നയിക്കുക.
വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ …
റോഡിന്റെ അവസ്ഥ, പാലം, കയറ്റിറക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചതിനു ശേഷം വേണം ഓവര്‍ടേക്ക് ചെയ്യാനുള്ള തീരുമാനമെടുക്കാന്‍. ട്രാഫിക് സിഗ്നലുകളെ ശ്രദ്ധിച്ചാവണം തീരുമാനം നടപ്പില്‍ വരുത്താന്‍. കാണേണ്ട സിഗ്നലുകള്‍ കണ്ടും നല്‍കേണ്ട സിഗ്നലുകള്‍ നല്‍കിയും തീരുമാനമെടുക്കുക. റോഡ് മാര്‍ക്കിംഗ് പ്രത്യേകം ശ്രദ്ധിക്കുക. ഓവര്‍ടേക്ക് പാടില്ല എന്ന സിഗ്നലുള്ള സ്ഥലങ്ങളില്‍ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കരുത്. ഓവര്‍ടേക്ക് ചെയ്യുന്നതിനുവേണ്ടി മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നില്കൂടി പോകരുത്. മുന്നിലെ വാഹനത്തിന് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം ഓവര്‍ടേക്കിങ്. എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.
ഒരു കാരണവശാലും ഓവര്‍ടേക്ക് ചെയ്യുന്ന മറ്റൊരു വാഹനത്തെ പിന്തുടരരുത്. പ്രസ്തുത വാഹനത്തിന്റെ തീരുമാനം മാറുന്നതിനനുസരിച്ച് നമുക്ക് തീരുമാനം മാറ്റാന്‍ കഴിഞ്ഞെന്നു വരില്ല. ഇത് അപകടത്തിലേക്ക് നയിക്കുന്നു
വളവുകളിലും റോഡ് കാണാന്‍ പറ്റാത്ത അവസ്ഥകളിലും ഓവര്‍ടേക്കിങ് പാടില്ല. സുരക്ഷിതമായി ഓവര്‍ടേക്കു ചെയ്യാന്‍ സാധിക്കുന്നവിധം റോഡ് കാണാന്‍ പറ്റുമെന്ന് ഉറപ്പുവരുത്തിയിട്ടാകണം ഓവര്‍ടേക്കിങ്. കൂടാതെ പിന്നില്‍ നിന്നും വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്കു ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മുമ്പിലെ വാഹനത്തിന്റെ ഡ്രൈവറില്‍ നിന്ന് അനുകൂലമായ സിഗ്നല്‍ ലഭിച്ചാല്‍ മുന്നോട്ടു നീങ്ങാം. ഓവര്‍ടേക്കിങ്ങിനു മുന്‍പ് പിന്‍വശം മിറര്‍ വഴി നിരീക്ഷിക്കുക. പിന്നില്‍ നിന്ന് വാഹനങ്ങള്‍ സമീപിക്കുന്നുണ്ടെങ്കില് സിഗ്നല്‍ നല്കി ചെയ്യാന്‍ പോകുന്ന കാര്യം അയാളെ അറിയിക്കുക.
ഓവര്‍ടേക്കിങിന് മുമ്പായി വലതു വശത്തെ ഇന്‍ഡിക്കേറ്റര്‍ ചുരുങ്ങിയത് മൂന്നു സെക്കന്‍ഡെങ്കിലും മുന്‍പായി പ്രവര്‍ത്തിപ്പിച്ചിരിക്കണം. കൂടാതെ ഓവര്‍ടേക്കിങ് കഴിഞ്ഞാല്‍ ഇടതുവശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വാഹനം സുരക്ഷിതമായ അകലത്തിലാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഇടത്തേക്ക് ചേര്‍ക്കുക.
വാഹനത്തിന്റെ വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ. ഇടതു വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് കര്‍ശനമായും ഒഴിവാക്കണം, എന്നാല്‍ മുന്നിലെ വാഹനം വലത്തേക്ക് തിരിയുന്നതിനുവേണ്ടി ഇന്‍ഡിക്കേറ്റര്‍ ലൈറ്റിട്ട് റോഡിന്റെ മധ്യഭാഗത്ത് കാത്തു നില്ക്കുകയാണെങ്കിലോ. നാലുവരിപ്പാതകളില് വലതുവശത്തെ ലെയിനില്കൂടി പോകുന്ന വാഹനം വലത്തോട്ടു തിരിയുന്നതിന് ഇന്ഡിക്കേറ്ററിട്ടാലും ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ അനുവാദമുണ്ട്.
സിബ്രാ ലൈനില്‍ കാല് നടക്കാര്‍ക്ക് കടന്നുപോകാനായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തെ ഒരു കാരണ വശാലും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കരുത്. ചില പ്രത്യേക ചരക്കുകള്‍ കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് 13 മീറ്റര്‍ വരെ നീളമുണ്ടാകാറുണ്ട്. ഇത്തരം വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
നിങ്ങളെ ആരെങ്കിലും ഓവര്‍ടേക്ക് ചെയ്യുകയാണെങ്കില്‍ വേഗതയില്‍ മാറ്റം വരിത്താന് പാടുള്ളതല്ല. ഓവര്‍ടേക്കിങ് കഴിയുന്നതുവരെ സമാനമായ വേഗത തുടരുക. ഓവര്‍ടേക്ക് ചെയ്യുന്നയാളുടെ കണക്കുകൂട്ടലുകള്‍ തെറ്റിരുത. ഇനി ആവശ്യമാണെങ്കില്‍, അപകടമൊന്നും വരിത്തില്ലെന്ന് ഉറപ്പുവരുത്തി വേഗത കുറച്ചു നല്‍കാവുന്നതാണ്.
റോഡുകള്‍ എല്ലാവര്‍ക്കുമുള്ളതാണ്. ഞാന്‍ പോയിട്ട് മറ്റുള്ളവര്‍ പോയാല്‍ മതി എന്ന ചിന്താഗതി ശരിയല്ല. എതിരെ വരുന്ന വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തെ ഹനിക്കാതെയായിരിക്കണം ഓവര്‍ടേക്കിങ് നടത്താന്‍. ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ടത് മുന്നിലോടിക്കൊണ്ടിരിക്കുന്ന വാഹനത്തെ ഇപ്പോള്‍ കടന്നുപോകേണ്ടതുണ്ടോ എന്നാണ്.