ചീറിപ്പാഞ്ഞ പന്തിനെ പറന്ന് പിടിച്ച് പാണ്ഡ്യ; വീഡിയോ

January 28, 2019

ഇന്ത്യ- ന്യൂസ്ലന്‍ഡ് മൂന്നാം ഏകദിനത്തില്‍ മികച്ച പ്രകടനംകൊണ്ട് ഇന്ത്യയുടെ മുന്നേറ്റം. ടോസ് നേടിയ ന്യൂസ്ലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റണ്‍സില്‍ 60 തികയ്ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ന്യൂസ്ലന്‍ഡിന് നഷ്ടമായി. ബൗളിങില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെയ്ക്കുന്നത്.

ന്യൂസ്ലന്‍ഡ് ടീം പത്ത് റണ്‍സ് എടുത്തപ്പോള്‍ കോളിന്‍ മുന്റോയെ ആണ് ആദ്യം പുറത്താക്കിയത്. മുഹമദ് ഷാമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കംകുറിച്ചത്. തൊട്ടുപിന്നാലെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഭുവനേശ്വര്‍ കുമാറും കെയ്ന്‍ വില്ല്യംസണിനെ ചാഹലും പുറത്താക്കി.

അതേസമയം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ പറക്കും ക്യാച്ച്. ചാഹലിന്റെ പന്ത് അടിച്ച് പറത്താനുള്ള ശ്രമത്തിലായിരുന്നു ന്യൂസ്ലലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണിന്റെ ശ്രമം. എന്നാല്‍ ചീറിപ്പാഞ്ഞ പന്തിനെ പറന്ന്‌ചെന്ന് കൈക്കുമ്പിളിലാക്കുകയായിരുന്നു പാണ്ഡ്യ.

35 ഓവറുകള്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 168 എന്ന നിലയിലാണ് ന്യൂസ്ലന്‍ഡ്.