രഞ്ജിട്രോഫി; സെമിഫൈനലില്‍ തകര്‍ന്ന് കേരളം

January 25, 2019

രഞ്ജി ട്രോഫി സെമി ഫൈനലില്‍ തകര്‍ന്ന് കേരളം. നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയോട് ഇന്നിങ്‌സിനും 11 റണ്‍സിനുമാണ് കേരളം തോല്‍വി സമ്മതിച്ചത്. രണ്ടാം ഇന്നിങ്‌സിലും മികവ് പുലര്‍ത്താന്‍ കഴിയാതായതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

വീറും വാശിയും ചോരാതെ കേരളം പോരാടിയെങ്കിലും വിജയം ഉറപ്പിക്കാന്‍ ടീമിനായില്ല. 91 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളം ഓള്‍ഔട്ട് ആയത്. രണ്ടാം ഇന്നിങ്‌സില്‍ 59 റണ്‍സ് എടുത്തപ്പോഴേക്കും കേരളത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളും കേരളത്തിന് നഷ്ടമായി.

15 റണ്‍സ് എടുത്ത വിഷ്ണു വിനോദ്, 36 റണ്‍സ് എടുത്ത അരുണ്‍ കാര്‍ത്തിക്, 17 റണ്‍സ് എടുത്ത സിജോമോന്‍ ജോസഫ് എന്നിവര്‍ മാത്രമാണ് കേരളാ ടീമിന്റെ റണ്‍വേട്ടയില്‍ രണ്ട്അക്കം തികച്ചത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി സെമിഫൈനല്‍ വരെ എത്താനായതിന്റെ ചാരിതാര്‍ത്ഥ്യവുമായാണ് കേരളത്തിന്റെ മടക്കം.